2025 ഡല്‍ഹി നിയസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു ന്യൂഡല്‍ഹി. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ മുൻപന്തിയിലായിരുന്നു ഈ മണ്ഡലം. മുൻ മുഖ്യമന്ത്രിയും ആംആദ്‌മിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും ബിജെപി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമ്മയുടെ മകൻ പര്‍വേഷ് സാഹിബ് സിങ്ങ് വര്‍മ്മയും കോണ്‍ഗ്രസ് മുൻ മുഖ്യമന്ത്രി ഷീ ദിക്ഷിതിന്‍റെ മകൻ സന്ദീപ് ദീക്ഷിതും നേര്‍ക്കുനേരാണ് മണ്ഡലത്തില്‍ പോരാട്ടത്തിനെത്തിയത്.
ആവേശപ്പോരില്‍ കെജ്‌രിവാളിനെ സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിച്ച് പര്‍വേഷ് തന്‍റെ ശക്തി തെളിയിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് എത്തിയ ആപ് യഥാര്‍ഥത്തില്‍ കടപുഴകി വീഴുകയായിരുന്നു. ബിജെപിയുടെ വിജയത്തിന് ചുക്കാൻപിടിച്ചതില്‍ മുൻപന്തിയില്‍ തന്നെയാണ് പര്‍വേഷ്. കെജ്‌രിവാളിന്‍റെ വിമര്‍ശകനും ആപ് സര്‍ക്കാരിന്‍റെ അഴിമതി തുറന്നുകാട്ടുന്നതിലും ഇദ്ദേഹം മുഖ്യപങ്കുവഹിച്ചിരുന്നു. ഡല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്ന ഒരു പേരുകൂടിയാണ് പര്‍വേഷിന്‍റേത്...
ആരാണ് പര്‍വേഷ്?
ഡൽഹിയിലെ ഒരു പ്രമുഖ രാഷ്‌ട്രീയ കുടുംബത്തിൽ നിന്നുള്ള പർവേഷ് മുൻ ബിജെപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ സാഹിബ് സിങ് വർമ്മയുടെ മകനാണ്. കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളും ബിജെപിക്കാരാണ്. അതുകൊണ്ട് തന്നെ രാഷ്‌ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് തന്നെയാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. ഡൽഹിയിലെ മുണ്ട്ക ഗ്രാമത്തിൽ നിന്നുള്ള ഒരു ജാട്ട് രാഷ്ട്രീയക്കാരൻ കൂടിയാണ് അദ്ദേഹം. പശ്ചിമ ഡൽഹി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു.
1977ല്‍ ജനിച്ച പർവേഷ് വർമ്മ ആർ.കെ. പുരത്തെ ഡൽഹി പബ്ലിക് സ്‌കൂളിൽ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി, തുടർന്ന് ഡൽഹി സർവകലാശാലയിലെ കിരോരി മാൾ കോളജിൽ നിന്ന് ആർട്‌സില്‍ ബിരുദം നേടി. പിന്നാലെ, ഫോർ സ്‌കൂൾ ഓഫ് മാനേജ്‌മെന്‍റിൽ എംബിഎയും കരസ്ഥമാക്കി.