ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തുമെന്ന് സൂചന. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.
"ഇത് ഒത്തൊരുമിച്ച് നിൽക്കാനുളള സമയമാണ്, പരമാവധി ആളുകളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനായി നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം". ഞാനും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക് പോകുന്നതിനായി പദ്ധതിയിടുന്നുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പൂർണ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. പരമാവധി പുനരധിവാസ നടപടികളിൽ പങ്കാളികളാകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്"- കെസി വേണുഗോപാൽ പറഞ്ഞു.
"ഇന്ന് നമുക്ക് വളരെ നിർഭാഗ്യകരവും ദുഃഖകരവുമായ ദിവസമാണ്. ഒന്നിന് പിറകെ ഒന്നായി വയനാട്ടിൽ ദുരന്തങ്ങൾ അരങ്ങേറുകയാണ്. ഇന്ന് രാവിലെയാണ് നമ്മൾ ഈ ദുഃഖകരമായ വാർത്ത കേട്ടത്. അതിനുശേഷം, പരമാവധി ആളുകളെ പുനരധിവസിപ്പിക്കാനുളള നടപടികൾ സർക്കാരും മറ്റ് ഏജൻസികളും ചെയ്യുന്നുണ്ട്. ഞാൻ രാഹുൽ ഗാന്ധിയെ വിവരം അറിയിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം ഉടൻ തന്നെ ജില്ല കലക്‌ടറെ വിളിക്കുകയും തുടർന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്‌തു.
രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അത് ചെയ്‌ത് നൽകാമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും സംസാരിച്ചു. രാജ്‌നാഥ് സിങ്ങും പൂർണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ട്"- കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കെസി വേണുഗോപാലും കോൺഗ്രസ് എംപി ഹൈബി ഈഡനും ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു. ദുരന്തത്തിനിരയായവർക്കും അവരുടെ കുടുംബങ്ങൾക്കും സമാശ്വാസമായി കൂട്ടായ ശ്രമങ്ങൾ നടത്തണമെന്നും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.