ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിക്ക് രാജ്യത്തെ പ്രമുഖ വൈസ് ചാന്‍സലര്‍മാരുടെയും വിദ്യാഭ്യാസ വിദഗദ്ധന്‍മാരുടെയും തുറന്ന കത്ത്. സര്‍വകലാശാല മേധാവികളുടെ നിയമനപ്രക്രിയ സംബന്ധിച്ച രാഹുലിന്‍റെ പരാമര്‍ശത്തിലാണ് വിമര്‍ശനം. രാഹുല്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
സര്‍വകലാശാല മേധാവികളുടെ നിയമനം യോഗ്യതയോ കഴിവോ മാനദണ്ഡമാക്കിയല്ലെന്നും ചില രാഷ്‌ട്രീയ കക്ഷികളോടുള്ള അടുപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തിരുന്നു. രാഹുലിന്‍റെ ഈ ആരോപണത്തിലൂടെ തങ്ങളുടെ വൈസ് ചാന്‍സലര്‍ പദവി ചോദ്യം ചെയ്യപ്പെടുന്നുവെന്ന് ഇവര്‍ രാഹുലിനയച്ച തുറന്ന കത്തില്‍ ആരോപിക്കുന്നു.
ഇത്തരം ആരോപണങ്ങള്‍ തങ്ങള്‍ തള്ളുന്നുവെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യമെമ്പാടും നിന്നുള്ള 181 പേര്‍ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. യോഗ്യതയും പാണ്ഡിത്യവും അനുസരിച്ചും സുതാര്യമായുമാണ് വൈസ് ചാന്‍സര്‍മാരുടെ നിയമനമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രാഹുൽ നുണ പ്രചരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബോധ്യമുള്ള കാര്യങ്ങള്‍ മാത്രമേ പറയാവൂ. തങ്ങളുടെ യോഗ്യതകളും തൊഴില്‍ മികവും ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ മതിയായവയാണെന്നും വിസിമാര്‍ ചൂണ്ടിക്കാട്ടി.
ആഗോള റാങ്കിങ്ങില്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നിര്‍ണായക സ്ഥാനങ്ങളിലേക്ക് കയറി വരുന്നുണ്ട്. സര്‍വകലാശാലകള്‍ക്ക് വലിയ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. പ്രമുഖ അക്രഡിറ്റേഷനുകളും ലോക നിലവാരമുള്ള ഗവേഷണകേന്ദ്രങ്ങളും ഇന്ന് രാജ്യത്തെ സര്‍വകലാശാലകളിലുണ്ട്.
ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി സര്‍വകലാശാലകളെയും തങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത്. രാഹുലിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ധര്‍ ആവശ്യപ്പെട്ടു.
Also Read:വയനാട്ടിലെയും അമേഠിയിലെയും ജനങ്ങളെ രാഹുല്‍ ഗാന്ധി കൈവിട്ടെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ