ബെംഗളൂരു:പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ആരോപണവിധേയനായ കർണാടകയിലെ പട്ടികവർഗ ക്ഷേമ മന്ത്രിയായിരുന്ന ബി നാഗേന്ദ്ര രാജിവച്ചു. കോടികളുടെ ആരോപണമാണ് ബി നാഗേന്ദ്രയ്‌ക്കെതിരെ ഉയർന്നത്. കർണാടക മഹർഷി വാത്‌മീകി പട്ടികവർഗ വികസന കോർപ്പറേഷൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 88.62 കോടി രൂപ അനധികൃതമായി തിരിമറി ചെയ്‌തത് മന്ത്രിയുടെ അറിവോടെയാണെന്നായിരുന്നു ആരോപണം. വിഷയത്തിൽ ബിജെപി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
ബാങ്ക് അക്കൗണ്ട് സൂപ്രണ്ട് ചന്ദ്രശേഖർ ആത്മഹത്യ ചെയ്‌ത നിലയിൽ മെയ് 26നാണ് കണ്ടെത്തിയത്. കോർപ്പറേഷൻ മാനേജിങ് ഡയറക്‌ടർ ജെ.ജി. പത്മനാഭ്, അക്കൗണ്ട്‌സ് ഓഫിസർ പരശുറാം ജി.ദുരുകണ്ണവർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ സുചിസ്‌മിത റാവൽ എന്നിവരുടെ പേരുകൾ അദ്ദേഹം ആത്മഹത്യക്കുറിപ്പിൽ എഴുതി വച്ചിരുന്നു. കൂടാതെ തിരിമറി നടന്നത് മന്ത്രിയുടെ അറിവോടെയാണെന്നും കുറിപ്പിൽ എഴുതിയിരുന്നു. തുടർന്ന് നാഗേന്ദ്ര സ്വമേധയാ രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.