ചെന്നൈ:കേന്ദ്രസര്‍ക്കാരിന്‍റെ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നയം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. 2026ലെ ജനസംഖ്യ കണക്കെടുപ്പിന് ശേഷം മണ്ഡലപുനര്‍നിര്‍ണയം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും കേന്ദ്രസര്‍ക്കാരിനോട് തമിഴ്‌നാട് നിയമസഭ മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്(TN Assembly adopts resolution).ഡിഎംകെ സഖ്യകക്ഷികളും കോണ്‍ഗ്രസും വിസികെയും എംഡിഎംകെയും ഇടതുപാര്‍ട്ടികളും പ്രമേയത്തെ പിന്തുണച്ചു(One Nation, One Election).
പ്രമേയം വോട്ടിനിട്ടപ്പോള്‍ പിഎംകെ സമാജികര്‍ സഭയില്‍ ഹാജരായിരുന്നില്ല. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് രണ്ട് പ്രമേയങ്ങളും അവതരിപ്പിച്ചത്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തികച്ചും അപ്രായോഗികവും ഭരണഘടനാ വിരുദ്ധവും ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്‍റിലേക്കും ജനകീയ വിഷയങ്ങളിലൂന്നി വ്യത്യസ്‌ത ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യ പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് ജനാധിപത്യ വികേന്ദ്രീകരണമെന്ന മഹത്തായ ആശയത്തിന് കടകവിരുദ്ധമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം തങ്ങള്‍ ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നുവെന്ന് എഐഎഡിഎംകെ എംഎല്‍എ എന്‍ തലൈവി സുന്ദരം പറഞ്ഞു. ഇതിലെ പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് ആവശ്യങ്ങള്‍ എന്ന ആശയത്തെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചെലവ് വന്‍തോതില്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് ഒറ്റയടിക്ക് നടപ്പാക്കാനല്ല ശ്രമം. പത്ത് വര്‍ഷമെങ്കിലും എടുത്തേ ഇത് നടപ്പാക്കാനാകൂ. ഇതിനായി വോട്ടിംഗ് മെഷീനുകളടക്കം സജ്ജമാക്കേണ്ടതുണ്ട്. മണ്ഡലപുനര്‍നിര്‍ണയത്തിലൂടെ പാര്‍ലമെന്‍റിലെയോ സംസ്ഥാന നിയമസഭകളിലെയോ അംഗസംഖ്യ കുറയില്ലെന്നും മുന്‍ നിയമമന്ത്രി കൂടിയായ തലൈവി സുന്ദരം പറഞ്ഞു.