ഉത്തർപ്രദേശ്:ബഹ്‌റൈച്ചിൽ ഭീതിപരത്തിയിരുന്ന ആറ് നരഭോജി ചെന്നായകളിൽ ഒന്നിനെ കൂടി പിടികൂടി. ആറ് ചെന്നായകളുടെ കൂട്ടത്തിൽ നാലെണ്ണത്തിനെ നേരത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. അഞ്ചാമത്തെ ചെന്നായയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത് എന്നും അധികൃതർ പറഞ്ഞു. ഗ്രാമവാസികൾക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ ചെന്നായ്‌ക്കളാണെന്നും അവർ കൂട്ടിച്ചേർത്തു. ചെന്നായയെ ഉത്തർപ്രദേശ് വനംവകുപ്പ് രക്ഷാകേന്ദ്രത്തിലേക്ക് മാറ്റി.
'ഗ്രാമവാസികളെ ഭീതിയിലാഴ്‌ത്തിയ അഞ്ചാമത്തെ ചെന്നായയെയും ഞങ്ങൾ പിടികൂടി. ഒരെണ്ണം ഇനിയും അവശേഷിക്കുന്നുണ്ട്. ആ ചെന്നായയെയും ഉടൻ തന്നെ പിടികൂടും. ശേഷിക്കുന്ന ആ ഒരു ചെന്നായയെ പിടികൂടാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്'- ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ (ഡിഎഫ്ഒ) അജീത് പ്രതാപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
പിടികൂടിയത് പെൺ ചെന്നായെയാണെന്നും ഉത്തർപ്രദേശ് വനം വകുപ്പിന്‍റെ ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അജീത് പ്രതാപ് സിങ് വ്യക്തമാക്കി. അവശേഷിക്കുന്ന നരഭോജി ചെന്നായയെ പിടികൂടാനുള്ള തെരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്നലെയാണ് (സെപ്‌റ്റംബർ 9) ദൗത്യം ആരംഭിച്ചത്. ഇന്ന് (സെപ്‌റ്റംബർ 10) രാവിലെയോടെ ചെന്നായയെ പിടികൂടി. ഡ്രോൺ ഉപയോഗിക്കാതെ ചെന്നായയെ പിടികൂടിയ ആദ്യ ഓപ്പറേഷൻ ആയിരുന്നു ഇത്. എന്നാൽ ചെന്നായ ഒരു സ്ഥലത്ത് നിന്ന് മാറുമ്പോൾ അതിന്‍റെ നീക്കങ്ങൾ അറിയാൻ ഡ്രോൺ ഉപയോഗിച്ചിരുന്നു. ഡ്രോൺ കാണുമ്പോൾ ചെന്നായ ഓടിപ്പോകുന്നതിനാലാണ് ഡ്രോൺ ഒഴിവാക്കിയതെന്ന് അജീത് പ്രതാപ് സിങ് പറഞ്ഞു.
ഇനി അവശേഷിക്കുന്ന ഒരു ചെന്നായ എവിടെയാണ് എന്ന് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമവാസികൾക്ക് അധികൃതകർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഒരുപക്ഷേ ഇന്ന് തന്നെ ആറാമത്തെ ചെന്നായയെയും പിടികൂടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൗത്യം വൻ വിജയമാണെന്ന് സെൻട്രൽ സോണിലെ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ രേണു സിങ് പറഞ്ഞു. നാല് ചെന്നായകളെ നേരത്തെ പിടികൂടിയിരുന്നു, ഇന്ന് മറ്റൊന്നിനെ കൂടി പിടികൂടാൻ കഴിഞ്ഞു. ഡിഎഫ്ഒയും സംഘവുമാണ് ചെന്നായ്‌ക്കളെ പിടികൂടിയതെന്നും അവർ പറഞ്ഞു.
ഇന്നലെയാണ് നതുവാപൂരിൽ നിന്നും ചെന്നായ ഒരു ആടിനെ പിടിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഉടൻ തന്നെ ചെന്നായയെ പിടികൂടാനായുള്ള ദൗത്യം ആരംഭിച്ചു. ചെന്നായയുടെ കാൽപ്പാടുകൾ വച്ചാണ് അതിനെ പിടികൂടാനുള്ള ശ്രമം നടത്തിയത്. രാത്രിയിൽ അതിനെ പിടികൂടാൻ സാധിക്കാത്തതിനാൽ ഞങ്ങൾ വലയൊരുക്കി കാത്തിരുന്നു. രാവിലെ അതു തങ്ങളുടെ വലയിലായെന്നും രേണു സിങ് വ്യക്തമാക്കി.
ബഹ്‌റൈച്ച് ഫോറസ്‌റ്റ് ഡിവിഷന് കീഴിലുള്ള 25 ഓളം ഗ്രാമങ്ങളിൽ ഭീതി പരത്തിയ ചെന്നായകളെ പിടികൂടുന്നതിനായി ഉത്തർപ്രദേശ് വനംവകുപ്പ് "ഓപ്പറേഷൻ ഭീഡിയ" ആരംഭിച്ചിരുന്നു. നേരത്തെ ബഹ്‌റൈച്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് സ്‌നാപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ചെന്നായ്ക്കളുടെ ഏത് നീക്കവും നിരീക്ഷിക്കാനും അവയുടെ ചലനത്തെക്കുറിച്ച് അറിയാനുമാണ് ക്യാമറകൾ സ്ഥാപിച്ചത്. ബഹ്‌റൈച്ചിലെ വിവിധ ഗ്രാമങ്ങളിൽ നരഭോജി ചെന്നായ്ക്കളുടെ ആക്രമണത്തിൽ ഇതുവരെ ഒമ്പത് പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
Also Read:കോഴിക്കോട് പുലിയിറങ്ങി? ഭീതി പരത്തി അത്തോളിയിലെ സിസിടിവി ദൃശ്യങ്ങൾ- വീഡിയോ