റായ്‌പൂര്‍: മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിൽ നിന്നും 2013-ലാണ് ഛത്തീസ്‌ഗഡിലെ ഭരത്പൂരിലേക്ക് സാധു സീതാറാം എന്ന സന്യാസി താമസം മാറ്റുന്നത്. ഇതിന് പിന്നാലെ പിറന്നത് ഒരു അപൂര്‍വ സൗഹൃദത്തിന്‍റെ കഥകൂടിയാണ്. മനുഷ്യരുമായി അധികം അടുക്കാത്ത കരടികളാണ് സാധു സീതാറാമിനൊപ്പം കൂട്ടുകൂടാനെത്തിയത്.
ആദ്യം ഒരു കരടിയായിരുന്നു സീതാറാമിന്‍റെ താമസ സ്ഥലത്തേക്ക് എത്തിയത്. ഭക്ഷണം നല്‍കിയതോടെ വരവ് സ്ഥിരമായി. ഇതോടെ കരടിക്ക് റാം എന്ന് പേരുനല്‍കി. പതിയ റാമിന്‍റെ കുടുംബം വികസിച്ചുവെന്നും ഇപ്പോള്‍ തന്നെ തേടി എല്ലാദിവസവും എത്തുന്ന കരടികളുടെ എണ്ണം ഏഴാണെന്നും സാധു സീതാറാം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മറ്റ് കരടികള്‍ക്ക് ലാലി, മുന്നു, ചുന്നു, ഗുല്ലു, സോനു, മോനു, സദാനന്ദ് എന്നിങ്ങനെയും പേര് നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ കുടിലിലെത്തുന്ന ഭക്തരെ കരടികള്‍ ഉപദ്രവിക്കാറില്ല. സ്വന്തമെന്ന് പറയാന്‍ നേരത്തെ തനിക്ക് ആരുമുണ്ടായിരുന്നില്ല. കാട്ടില്‍ താമസിക്കാന്‍ തുടങ്ങിയതോടെ തനിക്കിപ്പോള്‍ ഒരു കുടുംബമുണ്ടെന്നും സാധു വ്യക്തമാക്കി.
സാധു സീതാറാമുമായി കരടികള്‍ക്കുള്ള ബന്ധം നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. സന്യാസിയുടെ കുടിലില്‍ എത്തുന്ന കരടിക്കൂട്ടം ഭക്ഷണം കഴിച്ചും വെള്ളം കുടിച്ചും മടങ്ങുന്നത് പതിവാണെന്ന് തൊഴിലാളിയായ ജെന്‍ഡ് ലാല്‍ പറഞ്ഞു. സമീപത്ത് തന്നെയുള്ള ഒരു ഗുഹയിലാണ് ഈ കരടികളുടെ താമസം. 200 മീറ്ററോളം നീളമുള്ള ഗുഹയുടെ പേര് 'രാജ മദ' എന്നാണ്.
ഈ ഗുഹയിൽ നാല് മുറികളുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു. ഒരുകാലത്ത് ഭരത്പൂർ രാജാവിന്‍റെ വിശ്രമകേന്ദ്രമായിരുന്നു ഈ ഗുഹ. യുദ്ധസമയത്ത് ചിലപ്പോൾ സുരക്ഷിതമായ സ്ഥലമായും രാജാവ് ഈ ഗുഹ ഉപയോഗിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ കരടികളാണ് അവിടെ വസിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ALSO READ:ഒടുവില്‍ 'കുടുങ്ങി'; മാനസില്‍ വീണ്ടും ഏഷ്യാറ്റിക് ഗോള്‍ഡന്‍ ക്യാറ്റിന്‍റെ സാന്നിധ്യം; ദൃശ്യം വനംവകുപ്പ് ക്യാമറയില്‍
അക്കാലത്ത് നിരവധി രാത്രികള്‍ രാജാവ് ഈ ഗുഹയില്‍ കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന് ഗ്രാമവാസിയായ ഗണേഷ് തിവാരി പറയുന്നു. ഗുഹയ്ക്കുള്ളിൽ ആയുധങ്ങളുമുണ്ടെന്നും ഇയാള്‍ പറഞ്ഞു. കരടികളുമായുള്ള സാധു സീതാറാമിന്‍റെ സൗഹൃദമിപ്പോള്‍ നാട്ടില്‍ പാട്ടാണ്. ഷാഹ്‌ദോൾ, സിധി തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ കരടികളെ കാണാൻ വരാറുണ്ടെന്ന് മറ്റൊരു ഗ്രാമവാസിയായ സന്തോഷ് കുമാർ യാദവ് പറഞ്ഞു.