ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവം രാജ്യസഭയില്‍ വിശദീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല അമേരിക്കയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടി.
2009 മുതല്‍ അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കൈയിലും കാലിലുമെല്ലാം വിലങ്ങിട്ട് ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സഭയിലെ പ്രതികരണം. നിയമ വിരുദ്ധമായി തങ്ങുന്നവരെ സ്വീകരിക്കാന്‍ ഇന്ത്യ ബാധ്യസ്ഥരാണ്.
നിയമ വിരുദ്ധ കുടിയേറ്റം എങ്ങനെ സംഭവിച്ചുവെന്നത് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ അനധികൃതമായി താമസിക്കുന്നത് കണ്ടെത്തിയാല്‍ അത്തരക്കാരെ തിരിച്ചെടുക്കേണ്ടത് സ്വന്തം രാജ്യത്തുള്ളവരുടെ കടമയാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു. നൂറുകണക്കിന് അനധികൃത താമസക്കാരായ ഇന്ത്യക്കാരെയാണ് ഓരോ വര്‍ഷവും അമേരിക്ക നാടുകടത്തുന്നത്. ഇതില്‍ തന്നെ 2009ലാണ് കൂടുതല്‍ പേരെ നാടുകടത്തപ്പെട്ടിട്ടുള്ളത്.