ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ തൻ്റെ തുടർച്ചയായ ഏഴാം കേന്ദ്ര ബജറ്റ് ലോക്‌സഭയിൽ ഇന്ന് (ജൂലൈ 23) അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇത്.
2024-25 ലെ കേന്ദ്ര ബജറ്റിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് ആദായനികുതിയിലായിരിക്കും. നികുതിദായകർക്ക് കൂടുതൽ പ്രയോജനം ഉണ്ടാകുന്ന രീതിയിലും ഇന്ത്യയിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള മാറ്റങ്ങളായിരിക്കും ഇത്തവണ ബജറ്റിൽ പ്രതീക്ഷിക്കുക. ആദായ നികുതിയിലെ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇളവ് പരിധിയിൽ വർധനവ്:2024-ലെ ബജറ്റിൽ നിന്നുള്ള പ്രധാന പ്രതീക്ഷ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ഇളവ് പരിധിയിലുണ്ടാകുന്ന വർധനവാണ്. നിലവിൽ, ഇളവ് പരിധി 3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല. 3 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയായി ഉയർത്തുകയാണെങ്കിൽ നിരവധി നികുതിദായകർക്ക് ആശ്വാസമായിരിക്കും. ഇളവ് പരിധി വർധിപ്പിക്കുന്നത് പുതിയ നികുതി വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കും. ഇത് വ്യക്തിഗത സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകുമെന്നുമാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.
നികുതി സ്ലാബുകളിലെ ഇളവ്:പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി സ്ലാബുകളിർ ഇളവ് കൊണ്ടുവരുന്നത് ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു പ്രധാന മാറ്റമാണ്. നിലവിൽ, പ്രതിവർഷം 12-15 ലക്ഷം രൂപ സമ്പാദിക്കുന്ന വ്യക്തികൾക്ക് 20% നികുതി ചുമത്തുന്ന പ്രക്രിയയാണിത്. പലരും ഇത് ഉയർന്നതായി കണക്കാക്കുന്നുണ്ട്.
കൂടാതെ, 15 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ളവർക്ക് 30% നികുതി ചുമത്തുന്നുണ്ട്. . പ്രതിവർഷം 30 ലക്ഷം രൂപ വരുമാനമുള്ള വ്യക്തികൾക്ക് മാത്രം 30% നിരക്ക് ബാധകമാക്കാനും 9 മുതൽ 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് 15% നിരക്ക് പരിഷ്‌കരിക്കാനുമുളള ആഹ്വാനവുമുണ്ട്.