ന്യൂഡൽഹി :ഗാഡ്‌ജറ്റ് പ്രേമികള്‍ക്കും ടെക്കികള്‍ക്കും സന്തോഷ വാര്‍ത്ത. മൊബൈല്‍ ഫോണിനും മൊബൈല്‍ ചാര്‍ജര്‍ അടക്കമുള്ള ആക്‌സസറികള്‍ക്കും വില കുറയും. ഒപ്പം സ്വര്‍ണം, വെള്ളി, ലതര്‍ ഉത്‌പന്നങ്ങള്‍, കാന്‍സര്‍ മരുന്നുകള്‍, തുണിത്തരങ്ങള്‍ എന്നിവയ്‌ക്കും വില കുറയും.
കാൻസർ മരുന്നുകളുടെയും മൊബൈൽ ഫോണുകളുടെയും കസ്‌റ്റംസ് തീരുവയിൽ വലിയ തോതിലുള്ള കുറവാണ് ധനമനത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. കസ്‌റ്റംസ് തീരുവയില്‍ കുറവ് വരുന്നതോടെ ചില്ലറ വിപണിയിൽ അവയുടെ വില ഗണ്യമായി കുറയാന്‍ ഇടയാകും. ഇറക്കുമതി ചെയ്യുന്ന സ്വർണം, വെള്ളി, തുണിത്തരങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നിവയ്ക്കും വില കുറയുമെന്ന് മന്ത്രി പറഞ്ഞു.
സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന്‍റേത് 6.4 ശതമാനമായുമാണ് കുറച്ചത്. അതുപോലെ തന്നെ ഫോണുകളുടെയും മൊബൈൽ ചാർജറിന്‍റെയും അടിസ്ഥാന കസ്‌റ്റംസ് തീരുവ 15 ശതമാനമായും കുറച്ചു. സമുദ്രോത്പന്നങ്ങളായ ചെമ്മീൻ, മത്സ്യ തീറ്റ എന്നിവയുടെ അടിസ്ഥാന കസ്‌റ്റംസ് തീരുവ 5 ശതമാനമായി കുറയ്ക്കാനും നിർമല സീതാരാമൻ നിർദേശിച്ചു.
ആണവോർജം, പുനരുപയോഗ ഊർജം, പ്രതിരോധം, ടെലികമ്മ്യൂണിക്കേഷൻസ്, ഹൈടെക് ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകൾക്കുള്ള 25 നിർണായക ധാതുക്കളുടെ കസ്‌റ്റംസ് തീരുവ പൂർണമായും ഒഴിവാക്കുകയും അവയിൽ രണ്ടെണ്ണത്തിൽ ബിസിഡി കുറയ്ക്കുകയും ചെയ്‌തു.
സ്‌റ്റീൽ, കോപ്പർ എന്നിവയുടെ ഉത്‌പാദനച്ചെലവ് കുറയ്ക്കുന്നതിന് ഫെറോ നിക്കൽ, ബ്ലിസ്‌റ്റർ കോപ്പർ എന്നിവയിൽ നിന്നും ബിസിഡി നീക്കം ചെയ്‌തു. ഗാർഹിക ഇലക്ട്രോണിക്‌സ് വ്യവസായത്തിൽ മൂല്യവർധനവ് വർധിപ്പിക്കുന്നതിന്, റെസിസ്‌റ്ററുകൾ നിർമിക്കുന്നതിനുള്ള ഓക്‌സിജൻ രഹിത കോപ്പറിലെ ബിസിഡിയും നീക്കം ചെയ്‌തു. പൈപ്പ് ലൈനിലെ നിലവിലുള്ളതും പുതിയതുമായ ശേഷികളെ പിന്തുണയ്ക്കുന്നതിനായി, അമോണിയം നൈട്രേറ്റിലെ ബിസിഡി 7.5 ൽ നിന്ന് 10% ആയും കുറച്ചു. ആഭ്യന്തര വ്യോമയാനവും ബോട്ട് & കപ്പൽ എംആർഒ പ്രോത്സാഹിപ്പിക്കുന്നതിന്, അറ്റകുറ്റപ്പണികൾക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കയറ്റുമതി കാലാവധി 6 മാസത്തിൽ നിന്ന് 1 വർഷമായി നീട്ടി.
ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ലെന്നും മന്ത്രി സൂചിപ്പിച്ചു. അതേസമയം വിദേശ സ്ഥാപനങ്ങൾക്കുള്ള നികുതിയും കുറച്ചു. വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനം ആയാണ് കുറച്ചത്.
Also Read:മൊബൈല്‍ ഫോണിന് വില കുറയും, മൂന്ന് കാന്‍സര്‍ മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഇളവ്; ബജറ്റില്‍ ധനമന്ത്രി