എറണാകുളം : ഭക്ഷണം വൈകിയെന്നാരോപിച്ച് ഹോട്ടലിൽ അതിക്രമം നടത്തിയ പൾസർ സുനി കസ്‌റ്റഡിയിൽ. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് പൾസർ സുനി വീണ്ടും കസ്‌റ്റഡിയിലാകുന്നത്. കുറുപ്പുംപടി പൊലീസാണ് കസ്‌റ്റഡിയിലെടുത്തത്.
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ സുനി ഹാജരാകേണ്ട ദിവസമായിരുന്നു ഇന്ന്. അതിനാൽ തന്നെ മറ്റൊരു കേസിൽ കസ്‌റ്റഡിയിലാണെന്ന് പൊലീസ് കോടതിയെ അറിയിക്കും. കുറുപ്പംപടി രായമംഗലത്തെ ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചതിനാണ് പള്‍സര്‍ സുനിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തത്. ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഹോട്ടലില്‍ അതിക്രമം കാണിച്ചെന്നുമാണ് പൾസർ സുനിക്കെതിരായ പരാതി.
ഹോട്ടല്‍ ജീവനക്കാരെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയെന്ന് പൊലീസിന്‍റെ എഫ്‌ഐആറിലും വ്യക്തമാക്കുന്നു. ഞായറാഴ്‌ച (ഫെബ്രുവരി 23) രാത്രിയിലാണ് സംഭവം നടന്നത്. രായമംഗലത്തെ ഹോട്ടലിലെത്തിയ പള്‍സര്‍ സുനി ഭക്ഷണം ലഭിക്കാന്‍ വൈകിയതിനാണ് ക്ഷുഭിതനാവുകയും ഹോട്ടല്‍ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്‌തു. ഇതിനിടെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, ചില്ല് ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്‌തുവെന്നാണ് പരാതി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനിക്കെതിരെ പുതിയ കേസ് എന്നത് പ്രാധാന്യമർഹിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ വിട്ടയച്ചപ്പോള്‍, മറ്റു കേസുകളില്‍ പെടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. പുതിയ കേസ് രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിൽ പൾസർ സുനിയുടെ നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസിന് കോടതിയെ സമീപിക്കാൻ കഴിയും.
പൾസർ സുനിക്ക് വേണ്ടി ഹൈക്കോടതിയിൽ നിരവധി തവണയും സുപ്രീം കോടതിയിലും ജാമ്യാപേക്ഷകൾ സമർപ്പിക്കപ്പെട്ടിരുന്നു. പൾസർ സുനിക്ക് പിന്നിൽ ആരാണെന്ന ചോദ്യം പോലും ഹൈക്കോടതി ഉന്നയിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വില കൂടിയ കാറുകളിൽ സഞ്ചരിക്കുന്ന പൾസർ സുനിയെ കണ്ട് നാട്ടുകാരും ആശ്ചര്യപ്പെട്ടിരുന്നു.
Also Read: 'ഭക്ഷണം വൈകി, ഹോട്ടലിൽ അതിക്രമവും ഭീഷണിയും'; ജാമ്യത്തിലിരിക്കെ പൾസർ സുനിക്കെതിരെ വീണ്ടും കേസ്