ഡൽഹി:രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന ബജറ്റിനായി കാത്തിരിക്കുകയാണ് എല്ലാവരും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സമ്പൂര്‍ണ ബജറ്റിന് പകരം ഇടക്കാല ബജറ്റ് ആയിരിക്കും ഫെബ്രുവരിയില്‍ അവതരിപ്പിക്കുക (Union Budget 2024).
വിവിധ മേഖകൾക്ക് ഊന്നൽ നൽകുന്ന ഇടക്കാല ബജറ്റാവും നിർമല സീതാരാമൻ അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ജൂലൈയില്‍ ആയിരിക്കും അടുത്ത ബജറ്റ് അവതരിപ്പിക്കുക. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയില്‍ ഈ വർഷത്തെ കേന്ദ്ര ബജറ്റിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരിക്കും പ്രതിരോധ മേഖല (One of the key focus areas in this year's budget will be the defence sector).
പൊതുജനങ്ങൾക്കും നയരൂപകർത്താക്കൾക്കും മാത്രമല്ല പ്രതിരോധ, തന്ത്രപരമായ വിദഗ്‌ധർക്കും അറിയാന്‍ താൽപ്പര്യമുള്ളതാണ് ഇന്ത്യയുടെ പ്രതിരോധ ചെലവ്. ശത്രു രാജ്യങ്ങളായ പാകിസ്ഥാൻ, ചൈന എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ തന്നെ പ്രതിരോധ മേഖലയിലെ വാര്‍ത്തകള്‍ ലോകമെമ്പാടും ശ്രദ്ധ നേടുമെന്ന് ഉറപ്പാണ്.
അതിർത്തി സംസ്ഥാനങ്ങളിലും, മധ്യ ഇന്ത്യയിലുമടക്കം വിവിധ ആഭ്യന്തര സുരക്ഷാ വെല്ലുവിളികള്‍ രാജ്യം നേരിടുന്ന സമയമാണിത്. അതിനാല്‍ തന്നെ ആഭ്യന്തര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് കേന്ദ്രം വലിയ തുക ചെലവഴിക്കേണ്ടതുണ്ട്.
2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റില്‍ 3.66 ലക്ഷം കോടി രൂപയിലധികമായിരുന്നു പ്രതിരോധ മേഖലയ്ക്കായി നീക്കി വച്ചത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച പുതുക്കിയ കണക്ക് പ്രകാരം, ഇന്ത്യയുടെ പ്രതിരോധ ബജറ്റ് റെക്കോഡ് 4.10 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.
അതുപോലെ ഈ സാമ്പത്തിക വർഷത്തിലും ഇന്ത്യയുടെ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് നിർമല സീതാരാമൻ പ്രതിരോധ ബജറ്റിനുള്ള വിഹിതം 3.85 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 4.33 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ നടപ്പ് സാമ്പത്തിക വർഷത്തെ കണക്ക് അവതരിപ്പിക്കുമ്പോൾ ഈ കണക്കും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
പ്രതിരോധ മന്ത്രാലയത്തിന്‍റെ സിവിൽ ചെലവ്, പ്രതിരോധ സേവനങ്ങൾക്കുള്ള ചെലവ്, പ്രതിരോധ സേവനങ്ങളിലെ മൂലധന വിഹിതം അല്ലെങ്കിൽ പ്രതിരോധ മേഖലയിലെ മൂലധന ചെലവ്, പ്രതിരോധ പെൻഷനുകൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ക്രമീകരിച്ചിരിക്കുന്നത്.
2023-24 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മന്ത്രാലയത്തിന്‍റെ ചെലവ് ഏകദേശം 46,000 കോടി രൂപയായി കണക്കാക്കപ്പെടുന്നു. ഈ വിഭാഗത്തിന് കീഴിലുള്ള മൂലധനച്ചെലവ് ഏകദേശം 8,850 കോടി രൂപയായും കണക്കാക്കപ്പെടുന്നു.
ഈ സാമ്പത്തിക വർഷത്തിലെ 4.3 ലക്ഷം കോടിയിലധികം വരുന്ന പ്രതിരോധ ബജറ്റിന്‍റെ ഏറ്റവും വലിയ ഭാഗം പ്രതിരോധ സേവനത്തിനായായിരിക്കും ചിലവഴിക്കപ്പെടുക. ഇതില്‍ ഇന്ത്യൻ സായുധ സേനയുടെ ശമ്പളവും, വേതനവും, സ്ഥാപന ചെലവും, മറ്റ് പ്രവർത്തന ചെലവുകളും ഉൾക്കൊള്ളുന്നു.