ന്യൂഡൽഹി:കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ തുക അനുവദിച്ചതിന് ധനമന്ത്രി നിർമല സീതാരാമന് നന്ദി അറിയിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. 6,21,940.85 കോടി രൂപയാണ് രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്‌ക്കായി ബജറ്റിൽ വകയിരുത്തിയത്. പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ച ഏറ്റവും ഉയർന്ന വിഹിതമായ 6,21,940.85 കോടി രൂപ അനുവദിച്ചതിന് താൻ ധനമന്ത്രിയോട് നന്ദി പറയുന്നതായും 1,72,000 കോടി രൂപ സായുധ സേനയുടെ കഴിവുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിനിയോഗിക്കുമെന്നും പ്രതിരോധ മന്ത്രി എക്‌സിൽ കുറിച്ചു.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള മികച്ച സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രിയെ അഭിനന്ദിക്കുന്നതായി അദ്ദേഹം മറ്റൊരു പോസ്റ്റിൽ പറഞ്ഞു. ഈ ബജറ്റ് വികസിത് ഭാരതം സൃഷ്‌ടിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തെ ത്വരിതപ്പെടുത്തുമെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.