കേരളം

kerala

ETV Bharat / bharat

'ബജറ്റിലെ പരിഗണനയ്ക്ക് നന്ദി' പറഞ്ഞ് ചന്ദ്രബാബു നായിഡു; ആന്ധ്രയേയും ബിഹാറിനെയും കേന്ദ്രം 'സുഖിപ്പിക്കുന്നു' എന്ന് പ്രതിപക്ഷം - Andhra CM thanked PM and FM - ANDHRA CM THANKED PM AND FM

കേന്ദ്ര ബജറ്റില്‍ ആന്ധ്രപ്രദേശിന്‍റെ ആവശ്യങ്ങൾ അഭിസംബോധന ചെയ്‌തതിന് പ്രധാനമന്ത്രിയോടും കേന്ദ്ര ധനമന്ത്രിയോടും നന്ദി അറിയിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു.

ANDHRA CM CHANDRABABU NAIDU  UNION BUDGET ANDHRA PRADESH  ബജറ്റ് ചന്ദ്രബാബു നായിഡു  2024 കേന്ദ്ര ബജറ്റ്
Andhra Pradesh CM Chandra Babu Naidu (ETV Bharat)

By ETV Bharat Kerala Team

Published : Jul 23, 2024, 3:57 PM IST

ന്യൂഡൽഹി : കേന്ദ്ര ബജറ്റില്‍ ആന്ധ്രപ്രദേശിന്‍റെ ആവശ്യങ്ങൾ അഭിസംബോധന ചെയ്‌തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോടും നന്ദി അറിയിച്ച് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കേന്ദ്ര ബജറ്റിൽ ആന്ധ്രപ്രദേശിന് നല്‍കിയ പിന്തുണ സംസ്ഥാനത്തെ പുനർനിർമിക്കുന്നതിന് വളരെയധികം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശിന് പ്രാധാന്യം നൽകിയ ബജറ്റിനെ നായിഡു പ്രശംസിച്ചു.

'നമ്മുടെ സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് തലസ്ഥാനത്തിനും പോളവാരം, വ്യാവസായിക മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്കും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ജിക്കും ആന്ധ്രപ്രദേശിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ നന്ദി പറയുന്നു. 2024-25 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ ആന്ധ്രയിലെ പിന്നാക്ക മേഖലകളുടെ വികസനവും ആത്മവിശ്വാസം വർധിപ്പിക്കുന്നതുമായ ബജറ്റ് അവതരിപ്പിച്ചതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു.'- ചന്ദ്രബാബു നായിഡു പ്രസ്‌താവനയില്‍ പറഞ്ഞു.

ആന്ധ്രപ്രദേശിന്‍റെ തലസ്ഥാന വികസനം അടക്കമുള്ള അടിസ്ഥാന വികസനങ്ങള്‍ക്ക് 15,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. അതേസമയം, ആന്ധ്രപ്രദേശിനും ബിഹാറിനുമുള്ള ബജറ്റ് വിഹിതം സർക്കാരിനെ രക്ഷിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് എന്ന് പ്രതിപക്ഷ നേതാക്കൾ വിമര്‍ശിച്ചു. 2024-ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്ത ബിജെപിക്ക് സർക്കാരിനെ രക്ഷിക്കണമെങ്കിൽ ബിഹാറിനെയും ആന്ധ്രപ്രദേശിനെയും പ്രത്യേക പദ്ധതികളിൽ ഉൾപ്പെടുത്തിയേ മതിയാകൂ എന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.

ബിഹാറിനെയും ആന്ധ്രപ്രദേശിനെയും ബിജെപി 'സുഖിപ്പിക്കുകയാണെന്ന്' കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പരിഹസിച്ചു. കർഷകർക്ക് വലിയ വാഗ്‌ദാനങ്ങൾ നൽകിയിയെങ്കിലും എംഎസ്‌പിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പരാമർശിച്ചിട്ടില്ലെന്നും കിസാൻ നിധിയിൽ വർധനവുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read :ആന്ധ്രപ്രദേശിന് പുത്തന്‍ സൂര്യോദയം; ബജറ്റിലെ പ്രഖ്യാപനത്തിന് നന്ദി പറഞ്ഞ് മന്ത്രി നാരാ ലോകേഷ് - AP Min Nara Lokesh in Union budget

ABOUT THE AUTHOR

...view details