ഡെഹ്‌റാഡൂണ്‍:നവംബര്‍ ഒന്‍പതിന് മുമ്പ് സംസ്ഥാനത്ത് പൊതു സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഉത്തരാഖണ്ഡിന്‍റെ സ്ഥാപക ദിനമാണ് നവംബര്‍ ഒന്‍പത്. 2000 നവംബര്‍ ഒന്‍പതിനാണ് ഉത്തര്‍പ്രദേശിനെ വിഭജിച്ച് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായത്. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിന്‍റെ കാലത്തായിരുന്നു ഇത്. ആദ്യഘട്ടത്തില്‍ ഉത്തരാഞ്ചല്‍ എന്നായിരുന്നു സംസ്ഥാനം അറിയപ്പെട്ടിരുന്നത്. 2007 ജനുവരി ഒന്ന് മുതലാണ് ഉത്തരാഖണ്ഡ് എന്ന ഔദ്യോഗിക പേര് നിലവില്‍ വന്നത്.
മുമ്പും പൊതുസിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് രാഷ്‌ട്രീയം പരിഗണനയില്‍ വരുമ്പോള്‍ അവയൊന്നും നടപ്പായിട്ടില്ലെന്നും ധാമി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കുറി അതല്ല എത്രയും പെട്ടെന്ന് തന്നെ ഇത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവഭൂമിയുടെ സ്വത്വം കാത്ത് സൂക്ഷിക്കാന്‍ നാം ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മതപരിവര്‍ത്തനം നിയമം പാസാക്കി. അത് കൊണ്ട് തന്നെ നമ്മുടെ സംസ്ഥാനം പഴയ പടി നിലനില്‍ക്കുന്നു. ഭാവി തലമുറയിലേക്ക് അവരുടെ പാരമ്പര്യത്തെ സന്നിവേശിപ്പിക്കണം. ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഫെബ്രുവരി ആറിന് പൊതുസിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചു. പിറ്റേദിവസം ഇത് കേവല ഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്‌തു. ബില്‍ പാസാക്കിയത് ഉത്തരാഖണ്ഡിന്‍റെ ചരിത്രദിനമാണെന്നും ധാമി പറഞ്ഞു.