ചെന്നൈ:സനാതന ധർമം ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചുള്ള തന്‍റെ മുൻ പരാമർശങ്ങളുടെ പേരിൽ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്‌റ്റാലിൻ. ഹൈക്കോടതിയും സുപ്രീം കോടതിയും മാപ്പ് പറയാൻ തന്നോട് ആവശ്യപ്പെട്ടിട്ടും താൻ മാപ്പ് പറഞ്ഞില്ലെന്നും കലൈഞ്ജറിന്‍റെ ചെറുമകനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്ക് വീടിന് പുറത്തിറങ്ങാൻ അനുവാദമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അണ്ണാ, പെരിയാർ, എംകെ സ്‌റ്റാലിൻ തുടങ്ങിയ നേതാക്കളാണ് ഇതിനെതിരെ പോരാടിയത്. താനും ഈ വിഷയത്തില്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ചരിത്രപരമായി സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു, വീട്ടിൽ മാത്രം കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു, അവരുടെ ഭർത്താക്കന്മാർ മരിച്ചാൽ മരിക്കാൻ സ്‌ത്രീകള്‍ നിർബന്ധിതരായി. പെരിയാർ ഈ ആചാരങ്ങൾക്കെതിരെ സംസാരിച്ചു, പെരിയാറും കലൈഞ്ജറും എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അത് തന്നെയാണ് ഞാനും പ്രതിനിധീകരിക്കുന്നത്,' എന്നും അദ്ദേഹം വ്യക്തമാക്തി.
സനാതന ധര്‍മത്തെ കുറിച്ച് പെരിയാർ, കലൈഞ്ജർ എന്നിവരുടെ നിലപാട് തന്നെയാണ് താനും പറഞ്ഞത്. എന്നാൽ തന്‍റെ പ്രസ്‌താവന വളച്ചൊടിച്ചു. തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലെ നിരവധി കോടതികളിൽ ഇതുമായി ബന്ധപ്പെട്ട് താൻ കേസ് നേരിടുന്നുണ്ട്. കോടതി തന്നോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോള്‍ അവരോട് പറഞ്ഞത് താൻ കലൈഞ്ജറുടെ ചെറുമകനാണ് എന്നും, ഒന്നിനും മാപ്പ് പറയില്ല എന്നുമാണെന്നും ഉദയിനിധി വ്യക്തമാക്കി.
2023 സെപ്റ്റംബറില്‍ സനാതന ധർമത്തെ "ഡെങ്കി", "മലേറിയ" തുടങ്ങിയ മാരക രോഗങ്ങളുമായി താരതമ്യപ്പെടുത്തി ഉന്മൂലനം ചെയ്യണമെന്നാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി പ്രസ്‌താവന നടത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഹിന്ദുക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വം ഉദയനിധിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.