ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ വഴിത്തിരിവ്. കാമുകിയുമായി അകൽച്ചക്ക് കാരണമായ അയൽവാസിയെ കൊല്ലാൻ കാമുകൻ നടത്തിയ ശ്രമമാണ് ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അമർനാഥ് റെഡ്ഡി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ സിദ്ധപ്പ ശിലാവന്തിനെ പൊലിസ് അറസ്‌റ്റ് ചെയ്‌തു.
അയൽവാസിയോടുള്ള പക കാമുകിക്ക് വിനയായതിങ്ങനെ
അറസ്‌റ്റിലായ സിദ്ധപ്പ ശിലാവന്തും പരിക്കേറ്റ ബസമ്മയും തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷെ ബസമ്മയുടെ വീട്ടുകാർ അവളെ ബാഗൽകോട്ടിലെ റക്കസാഗി ഗ്രാമത്തിൽ നിന്നുള്ള പാപ്പണ്ണ എന്ന സൈനികന് വിവാഹം ചെയ്‌തുകൊടുത്തു. പാപ്പണ്ണ 2017 ൽ മരിച്ചു. പിന്നീട് 5 വർഷം മുമ്പ് സിദ്ധപ്പയും ബസമ്മയും തമ്മിൽ വീണ്ടും കണ്ടുമുട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇലക്കലിയെ ബസവനഗറിൽ താമസിച്ചിരുന്ന ബസമ്മയുടെ വീട്ടിൽ പ്രതി സിദ്ധപ്പ പലപ്പോഴും സന്ദർശനം നടത്താറുണ്ടായിരുന്നു. അടുത്തിടെ ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകളുണ്ടായി. ഈ അകൽച്ചക്ക് കാരണം അയൽവാസി ശശികലയാണെന്ന് സിദ്ധപ്പ വിശ്വസിച്ചു. ഇതിന്‍റെ പ്രതികാരമായാണ് സിദ്ധപ്പ, ശശികലയെ കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
പ്രകോപിതനായ പ്രതി ഹെയർ ഡ്രയർ കൊറിയർ ചെയ്‌ത് ശശികലയെ ഒതുക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. അങ്ങനെയാണ് ഹെയർ ഡ്രയറിൽ ചെറുബോംബ് സ്ഥാപിച്ച് ശശികലയുടെ അഡ്രസിൽ കൊറിയർ ചെയ്‌തത്. അന്ന് ടൗണിൽ ഇല്ലാതിരുന്ന ശശികല ബൊസമ്മയോട് കൊറിയർ കൈപ്പറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
താൻ ഒന്നും ഓൺലൈൻ ആയി ഓർഡർ ചെയ്‌തിട്ടില്ലെന്നും ശശികല ബൊസാമ്മയോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് കൗതുകം തോന്നിയ ബൊസാമ്മ കൊറിയർ പൊട്ടിച്ച് ഹെയർ ഡ്രയർ പ്രവർത്തിപ്പിച്ച് നോക്കിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ ബൊസാമ്മയുടെ കൈപ്പത്തി അറ്റു. ഒരാഴ്‌ചക്കകം സ്‌ഫോടനത്തിന്‍റെ ചുരുളഴിക്കാൻ പോലീസിനായതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
Also Read:ഒരു കോടിയും 300 പവനും മോഷണം പോയി; കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച