ചെന്നൈ : മുന്‍ ഡിഎംകെ നേതാവിനെ രാസലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌ത പശ്ചാത്തലത്തില്‍ ഗവർണർ ആർഎൻ രവിയുമായി കൂടിക്കാഴ്‌ച നടത്തി എഐഎഡിഎംകെ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി. സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോഗത്തില്‍ നടപടിയെടുക്കുന്നതില്‍ വീഴ്‌ച വരുത്തിയതിന് ഡിഎംകെ സർക്കാരിനെതിരെ പളനിസ്വാമി പരാതി നൽകി. 7 പേജുകളുള്ള പരാതിയാണ് പളനിസ്വാമി ഗവര്‍ണര്‍ക്ക് നല്‍കിയത്. പിന്നാലെ യുവാക്കൾക്കുള്ള ഉപദേശമായി രാജ്ഭവൻ പ്രസ്‌താവന ഇറക്കി.
'അടുത്തിടെ, വന്‍തോതിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്‌തുക്കളും കടത്തുന്ന,തമിഴ്‌നാടുമായി ബന്ധമുള്ള അന്താരാഷ്‌ട്ര മാഫിയ അംഗങ്ങളെ കേന്ദ്ര ഏജൻസികൾ പിടികൂടിയത് ഗൗരവതരമാണ്. നമ്മുടെ സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ വ്യാപനമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി മാതാപിതാക്കള്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും മയക്കുമരുന്നിന്‍റെ വ്യാപനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ എന്നോട് പങ്കുവെക്കുന്നു.'-പ്രസ്‌താവനയില്‍ പറയുന്നു.
സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് നടത്തുന്ന അന്താരാഷ്‌ട്ര മയക്കുമരുന്ന് കാർട്ടലുകളെയാണ് കേന്ദ്ര ഇന്‍റലിജൻസ്, ഇൻവെസ്റ്റിഗേറ്റീവ്, എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾ പിടികൂടിയതെന്ന് ഗവർണർ പ്രസ്‌താവനയിൽ പറഞ്ഞു. ഇത്തരം ലഹരി മരുന്നുകൾ അത്യധികം വിനാശകരമാണ്. അവ പരിശോധിക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ ഭാവി തലമുറയെ അത് ഉടൻ തന്നെ നശിപ്പിക്കും. മയക്കുമരുന്ന് ദുരുപയോഗം മറ്റ് നിരവധി കുറ്റകൃത്യങ്ങളിലേക്ക് നയിക്കും. ഈ വിപത്തിനെതിരെ അടിയന്തിര നടപടിയെടുക്കേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾ അവരുടെ ജോലികള്‍ ചെയ്യുമെങ്കിലും, നമ്മുടെ സംസ്ഥാനത്തെ അക്കാദമിക് സ്ഥാപനങ്ങളുടെ മാനേജ്‌മെന്‍റുകളും മാതാപിക്കാളും ഇത്തരം മയക്കുമരുന്നുകൾക്കെതിരെ എപ്പോഴും ജാഗ്രത പുലർത്തണം.