കേരളം

kerala

ETV Bharat / bharat

മംഗലാപുരം ബാങ്ക് കൊള്ള; മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പൊലീസിന്‍റെ പിടിയില്‍ - MANGALURU BANK ROBBERY ARREST

പ്രതികള്‍ പിടിയിലായത് മുംബൈയില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നുമായി.

ULLAL BANK ROBBERY  NELLAI NATIVES ARREST BANK ROBBERY  മംഗലാപുരം ബാങ്ക് കൊള്ള  ഉള്ളാൾ സഹകരണ ബാങ്ക് കവര്‍ച്ച
Arrested in Mangaluru Bank Robbery Case (ETV Bharat)

By ETV Bharat Kerala Team

Published : Jan 21, 2025, 9:30 PM IST

തിരുനെൽവേലി: മംഗലാപുരം ബാങ്കിൽ നിന്ന് 4 കോടി രൂപയുടെ ആഭരണങ്ങളും പണവും കൊള്ളയടിച്ച കേസിൽ 3 തിരുനെൽവേലി സ്വദേശികള്‍ അറസ്‌റ്റില്‍. രണ്ട് പേരെ തമിഴ്‌നാട്ടിലെ നെല്ലായിയില്‍ നിന്നും ഒരാളെ മുംബൈയില്‍ നിന്നുമാണ് അറസ്‌റ്റ് ചെയ്‌തത്. തിരുനെൽവേലിയില്‍ നിന്ന് പിടികൂടിയ രണ്ട് പേരെ കോടതിയിൽ ഹാജരാക്കി മംഗളൂരു പൊലീസിന് കൈമാറി. ഇവരിൽ നിന്ന് 1.5 കോടി രൂപയുടെ 2 കിലോ ആഭരണങ്ങളും 3 ലക്ഷം രൂപയും 2 നാടൻ തോക്കുകളും 3 വെടിയുണ്ടകളും പിടിച്ചെടുത്തു.

മംഗലാപുരത്തിനടുത്തുള്ള ഉള്ളാൾ പ്രദേശത്തെ സഹകരണ ബാങ്കിലാണ് കഴിഞ്ഞ 17-ാം തീയതി സംഘം കൊള്ള നടത്തിയത്. രാവിലെ 11.30 ഓടെ തോക്കുകളും കത്തികളുമായി ബാങ്കില്‍ എത്തിയ മുഖംമൂടി സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി കൊള്ള നടത്തുകയായിരുന്നു. ഈ സമയത്ത് ബാങ്കിൽ 5 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

വ്യാജ രജിസ്ട്രേഷൻ നമ്പറുകളുള്ള രണ്ട് കാറുകളിലായി കവർച്ചക്കാർ കേരളത്തിലേക്ക് രക്ഷപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചിരുന്നു. ബാങ്കിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നതിനാല്‍ ബാങ്കിന് പുറത്തുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലിസ് കള്ളന്മാരിലേക്ക് എത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ടോൾ പ്ലാസ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കവർച്ചക്കാർ മുംബൈയിൽ നിന്നുള്ളവരാണെന്ന് വ്യക്തമായി.

തുടർന്ന് മംഗളൂരു സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പൊലീസ് മുംബൈയിലേക്ക് തിരിച്ചു. ഇവിടെ വെച്ചാണ് തിരുനെൽവേലി സ്വദേശി കണ്ണൻ മണി എന്ന പ്രതിയെ അറസ്‌റ്റ് ചെയ്യുന്നത്. ഇയാളില്‍ നിന്ന് മറ്റ് രണ്ട് പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചു.

തിരുനെൽവേലിയിലെ കലക്കാടിനടുത്തുള്ള പദ്‌മണേരി പ്രദേശത്തെ മുരുഗണ്ടി, കല്ലിടൈക്കുറിച്ചി സ്വദേശി ജോഷ്വ, കണ്ണൻ മണി എന്നിവർ വർഷങ്ങളായി മുംബൈയിൽ താമസിക്കുന്നവരാണെന്ന് നെല്ലായിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു. സംഘത്തിനെതിരെ മുംബൈയിൽ വിവിധ കവർച്ച കേസുകൾ നിലവിലുണ്ടെന്ന് പറയപ്പെടുന്നു. ക്രിമിനൽ കേസുകളിൽ ജയിലില്‍ കഴിഞ്ഞ കാലത്ത് കുപ്രസിദ്ധ കൊള്ളക്കാരുടെ സംഘവുമായി സൗഹൃദത്തിലായി എന്നും പൊലീസുകാരന്‍ പറഞ്ഞു.

കുറേ ദിവസങ്ങളായി മംഗളൂരുവിലെ ബാങ്ക് കൊള്ളയടിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 17-ാം തീയതി, നെല്ലായി ജില്ലയിൽ നിന്നുള്ള മൂന്ന് പേരും വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 14 പേരും ഉൾപ്പെടെ 20 പേരുടെ സംഘമാണ് ബാങ്കിൽ നിന്ന് തോക്ക് ചൂണ്ടി പണവും ആഭരണങ്ങളും കൊള്ളയടിച്ചത്.

മോഷ്‌ടിച്ച പണം വിഭജിച്ച് സംഘം വിവിധയിടങ്ങളിലേക്ക് കടന്നതായും സൂചനയുണ്ട്. ഇതിൽ കണ്ണൻ മണി ഉൾപ്പെടെ നെല്ലായിയിൽ നിന്നുള്ള 3 പേർ മുംബൈയിലേക്ക് മടങ്ങി പോവുകയായിരുന്നു. പൊലീസ് തിരയുന്നുണ്ടെന്ന് മനസിലാക്കിയ ഇവര്‍ നെല്ലായിയിലേക്ക് പോകാന്‍ പദ്ധതിയിട്ടു. എന്നാൽ കണ്ണൻ മണി തിരികെ പോകാൻ തയാറാവാത്തതിനാല്‍ ജോഷ്വയും മുരുഗണ്ടിയും മാത്രമാണ് നെല്ലായിയിലേക്ക് പോയത്.

ഇതിനിടെയാണ് കണ്ണൻ മണിയെ മുംബൈയിൽ വെച്ച് മംഗളൂരു പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. ഇയാള്‍ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്‌ച (ജനുവരി 20) നെല്ലായി ജില്ലാ പൊലീസിന്‍റെ സഹായത്തോടെ മംഗളൂരു പൊലീസ് ജോഷ്വയെയും മുരുഗണ്ടിയെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Also Read:'ചാരിത്ര്യ ശുദ്ധിയില്‍ സംശയം': ഗര്‍ഭിണിയായ ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു - HUSBAND KILLED PREGNANT WOMAN

ABOUT THE AUTHOR

...view details