തമിഴ്‌നാട്:തിരുനെൽവേലി ജില്ല കോടതിക്ക് മുന്നിൽ വച്ച് വധശ്രമക്കേസിലെ പ്രതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മനോജ്, സുരേഷ്, രാമകൃഷ്‌ണൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കീഴാനത്തം മേലൂർ സ്വദേശി മായാണ്ടിയെയാണ് ഇവർ കൊലപ്പെടുത്തിയത്. ഇന്ന് (ഡിസംബർ 20) രാവിലെ 10.25നാണ് കേസിനാസ്‌പദമായ സംഭവം.
അഭിഭാഷകർ കോടതിയിലേക്ക് വരുന്നതിനിടെയാണ് അക്രമികൾ മായാണ്ടിയെ കൊലപ്പെടുത്തിയത്. മായാണ്ടിയുമായി അക്രമികൾക്ക് നേരത്തെയുണ്ടായിരുന്നു പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ തിരുനെൽവേലി സിറ്റി പൊലീസ് കമ്മിഷണർ ഐജി രൂപേഷ് കുമാർ മീണയാണ് പ്രതികളുടെ അറസ്‌റ്റ് സ്ഥിരീകരിച്ചത്. അതേസമയം അക്രമണത്തിനിടെ അവർ യുവാവിന്‍റെ കൈവെട്ടിമാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
കോടതിക്ക് പുറത്ത് പൊലീസ് കൃത്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് അഭിഭാഷകർ ആരോപിച്ചു. കൊലപാതകത്തെ അപലപിച്ച് തിരുനെൽവേലി, തൂത്തുക്കുടി, തിരുച്ചെന്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഭിഭാഷകർ നീതി ആവശ്യപ്പെട്ട് തിരുനെൽവേലി കോടതിക്ക് മുന്നിൽ റോഡ് ഉപരോധിച്ചു.
കൊലപാതക സംഘം:വധശ്രമക്കേസിൽ ഹാജരാകാൻ മായാണ്ടി തിരുനെൽവേലി ജില്ല സംയുക്ത കോടതിയിൽ എത്തിയ സമയത്താണ് അദ്ദേഹത്തെ പ്രതികൾ ആക്രമിച്ചത്. കാറിലെത്തിയ അക്രമികൾ മായാണ്ടിയുടെ സൈക്കിളിൽ ഇടിച്ചിരുന്നു.