ഇടുക്കി: വന്യമൃഗ ശല്യം ഒഴിവാക്കാൻ 50 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് വനം മന്ത്രി എകെ ശശീന്ദ്രൻ. വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർണായക ഇടപെടൽ. വേനൽ ആരംഭിച്ചതോടെ പല സ്ഥലങ്ങളിലും വന്യമൃഗ ശല്യം കൂടിവരികയാണ്. പ്രത്യേകിച്ച് ഹൈറേഞ്ച് ഇടങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം കൂടുന്നുവെന്ന പരാതി ഉയരുകയാണ്. ചിന്നക്കനാൽ, പീരുമേട് എന്നിവിടങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യം പരിഗണിച്ചാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇടുക്കിയിൽ എത്തിയ മന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ വന്യമൃഗ ശല്യം കുറക്കാനാകുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു. വെള്ളം, തീറ്റ എന്നിവ വനത്തിനുള്ളിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക, മാംസഭുക്കുകൾ അല്ലാത്ത മൃഗങ്ങൾക്ക് ഭക്ഷ്യയോഗമായ മരങ്ങൾ നട്ടുപിടിക്കുക, വനത്തിൽ കുളങ്ങൾ സ്‌ഥാപിക്കുക, വനത്തോട് ചേർന്നുപോകുന്ന റോഡുകളുടെ ഇരുവശവും പത്ത് മീറ്റർ വീതിയിൽ എങ്കിലും അടിക്കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പദ്ധതിയിലുള്ളതെന്നും മന്ത്രി പറഞ്ഞു.