കോട്ടയം: കേരളത്തിൽ പുരുഷ കമ്മിഷൻ വേണമെന്ന് രാഹുൽ ഈശ്വർ. നേരത്തെ പുരുഷ കമ്മിഷൻ വേണമെന്ന് രാഹുൽ പറഞ്ഞെങ്കിലും ഇപ്പോൾ കൊലപാതകത്തെ ന്യായീകരിക്കുന്ന എഴുത്തുകാരി കെആർ മീരയുടെ പരാമർശത്തിനെതിരെയാണ് വീണ്ടും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മീരയ്‌ക്കെതിരെ പരാതി നൽകിയതായും രാഹുൽ പ്രതികരിച്ചു.
നിയമ വിരുദ്ധവും ക്രിമിനൽ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പരാമർശമാണ് അവർ നടത്തിയത്. കോഴിക്കോട്ടെ സാഹിത്യ വേദിയിലാണ് കേരളത്തെ ഞെട്ടിച്ച ഷാരോണിൻ്റെ കൊലപാതകക്കേസിൽ ഗ്രീഷ്‌മയെ ന്യായീകരിച്ച് മീര സംസാരിച്ചത്. സതിയനുഷ്‌ഠിക്കുന്നതിലും ഭേദം ചില സമയത്തൊക്കെ കഷായം കലക്കി കൊടുക്കുന്നതാണ് നല്ലതെന്നായിരുന്നു കെആർ മീരയുടെ പ്രസ്‌താവന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷ വിരോധത്തിൻ്റെ നേർ സാക്ഷ്യമാണ് കെആർ മീരയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ഹൈക്കോടതി ജഡ്‌ജായിരുന്ന ജസ്റ്റിസ് കെമാൽ പാഷ അന്തസോടുകൂടി കഷായം കലക്കി കൊടുത്തുവെന്ന പ്രയോഗത്തിനുശേഷം നേരിട്ടുതന്നെ കൊലപാതകത്തെ ന്യായീകരിക്കുന്ന വാക്കുകൾ വനിതാ കമ്മിഷനോ യുവജന കമ്മിഷനോ സാംസ്‌കാരിക നായകരോ തള്ളിപ്പറയുന്നില്ല എന്നുള്ളത് പുരുഷ വിരുദ്ധ മൈൻഡ് ആണെന്നും രാഹുൽ ആരോപിച്ചു.
ഈ പശ്ചാത്തലത്തിൽ ഇത്തരം കേസുകളിൽ പുരുഷന്മാരുടെ പരിരക്ഷയ്ക്കായി കേരള സംസ്ഥാന പുരുഷ കമ്മിഷൻ ബില്ല് ഉണ്ടാകാൻ സ്‌പീക്കറുടെയും അനുമതിക്ക് സമർപ്പിച്ചതായി രാഹുൽ ഈശ്വർ പറഞ്ഞു.
എംഎൽഎ എൽദോസാണ് ബില്ല് സമർപ്പിച്ചത്. ഹേമ കമ്മിഷൻ വന്നതിന് ശേഷം പ്രമുഖ നടന്മാർക്കെതിരെ നിരവധി പീഡന കേസുകൾ വന്നു. ഇവയെല്ലാം കെട്ടി ചമച്ചതാണെന്ന് പിന്നീട് വ്യക്തമായി.
സമൂഹത്തിന് മുമ്പില്‍ പുരുഷന്മാരെ തേജോവധം ചെയ്‌ത പരാതിക്കാർക്കെതിരെ നടപടിയുണ്ടാകുന്നില്ല. ആരെ ചൂണ്ടിക്കാണിച്ച് പീഡിപ്പിച്ചെന്ന് പറഞ്ഞാലും കേസെടുക്കാം. ഈ സാഹചര്യത്തിൽ പുരുഷന്മാർക്ക് നിയമപരിരക്ഷ ലഭ്യമാക്കാൻ പുരുഷ കമ്മിഷൻ ബിൽ വരുന്നതോടെ സാധ്യമാകും.
സ്ത്രീകൾക്കുള്ള നിയമ പരിരക്ഷ ദുരുപയോഗം ചെയ്യുന്ന അവസ്ഥ മാറണമെന്നതുകൊണ്ട് പുരുഷ ബിൽ എന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയതെന്ന് രാഹുൽ വ്യക്തമാക്കി. കെആർ മീരയ്‌ക്കെതിരെ എറണാകുളം പൊലീസിൽ പരാതി നൽകിയതായി രാഹുൽ ഈശ്വർ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also Read: നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയുമായി തെളിവെടുപ്പാരംഭിച്ചു, സ്ഥലത്ത് വൻ സുരക്ഷ