ഗ്വാളിയോർ(മധ്യപ്രദേശ്): ഇന്ത്യയില്‍ കടുവ സംരക്ഷണത്തിനായി നിയമം ഉണ്ടെങ്കിലും വ്യാപകമായി കടുവകളെ വേട്ടയാടുന്നതായി വൈൽഡ്ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ (ഡബ്ല്യുസിസിബി) റിപ്പോർട്ടുകള്‍. തോലിനും, എല്ലിനും, കൊഴുപ്പിനും വേണ്ടി ഇപ്പോഴും കടുവ വേട്ട സജീവമാണ്. മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കടുവകള്‍ ഉള്ളതായി റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. എന്നാൽ വ്യാപകമായി വേട്ടയാടൽ തുടരുന്നതോടെ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഡബ്ല്യുസിസിബി.
കടുവകളുടെ സംരക്ഷണത്തിനായി നടപടിയെടുക്കാതെ അധികൃതർ.
ഏറ്റവും കൂടുതൽ കടുവകളുള്ള മധ്യപ്രദേശിൽ സംഘടിത വേട്ടയാടൽ നടക്കുന്നുവെന്നും കടുവകള്‍ വലിയ ഭീഷണി നേരിടുന്നുവെന്നും വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ടിൽ (ഡബ്ല്യുസിസിബി) പറയുന്നു. സമീപ കാലങ്ങളിൽ മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ വേട്ടയാടൽ വർധിച്ചതായും വ്യാപകമായി കടുവകളുടെ മൃതദേഹ അവശിഷ്‌ടങ്ങള്‍ കിടക്കുന്നതായും അധികൃതർ വ്യക്തമാക്കുന്നു.
ഇത്രയധികം മൃഗവേട്ടയുണ്ടായിട്ടും സംസ്ഥാനത്ത് കടുവ സംരക്ഷണ സേന ഇല്ലെന്നുള്ളതാണ് അതിശയം. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിൽ സംസ്ഥാനം അമ്പേ പരാജയപ്പെട്ടു എന്നുവേണം കരുതാൻ. വേട്ടയാടൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദഗ്‌ധർ ആശങ്ക പ്രകടിപ്പിക്കുന്നു. കടുവകളെ സംരക്ഷിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.
ഫെൻസിങുകള്‍ വേട്ടക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു
കഴിഞ്ഞ മാസം പെഞ്ച് കടുവാ സങ്കേതത്തിൽ വൈദ്യുതാഘാതമേൽപ്പിച്ച് കടുവകളെ കൊന്നതായി കണ്ടെത്തിയിരുന്നു. വിദഗ്‌ധ അന്വേഷണത്തിൽ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. കൃഷി സംരക്ഷണത്തിനായി സ്ഥാപിക്കുന്ന ഫെൻസിങുകള്‍ വേട്ടക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ഫോറസ്റ്റ് റേഞ്ച് ഡെപ്യൂട്ടി ഡയറക്‌ടർ രജനീഷ് കുമാർ സിങ് പറഞ്ഞു.