തിരുവനന്തപുരം:ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്നും ബെംഗളൂരുവിലേക്കാണ് പ്രതിവാര സ്പെഷ്യൽ ട്രെയിന്‍. നവംബർ 12 മുതൽ 2025 ജനുവരി 29 വരെയാണ് സര്‍വീസ്. ഏറ്റുമാനൂരില്‍ ഉൾപ്പെടെ 18 സ്റ്റോപ്പുകളാണ് ശബരിമല സ്‌പെഷ്യല്‍ ട്രെയിനിനുള്ളത്.
നവംബർ 12, 19, 26, ഡിസംബർ 03, 10, 17, 24, 31, 2025 ജനുവരി 07, 14, 21, 28 തീയതികളിൽ വൈകീട്ട് 06:05ന് തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ ആരംഭിക്കും. പിറ്റേന്ന് രാവിലെ 10:55-ന് ബെംഗളൂരുവിൽ എത്തിച്ചേരും. 06083 ആണ് ട്രെയിൻ നമ്പർ.
06084 നമ്പര്‍ എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ നവംബർ 13, 20, 27 ഡിസംബർ 04, 11, 18, 25, 205 ജനുവരി 01, 08, 15, 22, 29 തീയതികളിൽ ഉച്ചയ്ക്ക് 12:45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:45ന് തിരുവനന്തപുരത്തെത്തും.
16 എസി ത്രീ ടയർ കോച്ചുകളും, 2 സ്ലീപ്പർ ക്സാസ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് സ്ലീപ്പർ ക്ലാസിന് 550 രൂപയും 3എ ക്ലാസിന് 1490 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് (09-11-2024) രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു.