ന്യൂഡല്‍ഹി:പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കമാകും. വയനാട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും. വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തമാകും പ്രിയങ്ക ആദ്യം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക.
മണിപ്പൂര്‍ ദുരന്തം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ നേരിടാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ത്യസഖ്യ എംപിമാര്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന് തൊട്ട് മുമ്പ് യോഗം ചേര്‍ന്ന് സമ്മേളനത്തിലെ പ്രതിപക്ഷ അജണ്ടകള്‍ നിശ്ചയിക്കുമെന്നാണ് സൂചന.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നിസംഗത പാര്‍ലമെന്‍റിനെ പ്രക്ഷുബ്‌ധമാക്കും. ഇതിന് പുറമെ അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്നിട്ടുള്ള കൈക്കൂലി ആരോപണങ്ങളും സമ്മേളനത്തെ ചൂട് പിടിപ്പിക്കും. ഇതിന് പുറമെ വഖഫ് ഭേദഗതി ബില്ലും ദുരന്ത നിവാരണ ഭേദഗതി ബില്ലും സമ്മേളനത്തില്‍ ചര്‍ച്ചയാകും. ഈ ബില്ലുകളെയെല്ലാം പ്രതിപക്ഷമായ ഇന്ത്യാ സഖ്യം ശക്തമായി എതിര്‍ക്കുമെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നേരത്തെ കേന്ദ്ര പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജു ഇരുസഭകളിലെയും വിവിധ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഇന്ന് രാവിലെ പാര്‍ലമെന്‍റ് ഹൗസ് അനക്‌സിലെ പതിനൊന്നിന് മെയിന്‍ കമ്മിറ്റി റൂമിലായിരുന്നു ചര്‍ച്ച. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്‍റെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ച.
അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം ചര്‍ച്ചയാക്കണമെന്ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്‌തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രബല വ്യവസായ ശൃംഖല വ്യവസായ മേഖലയെ മാത്രമല്ല ഇവിടുത്തെ സര്‍ക്കാരിനെയും നിയന്ത്രിക്കുന്നുവെന്ന് അമേരിക്കന്‍ നീതിന്യായ സംവിധാനം ആരോപണമുയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആരോപണത്തിന് സര്‍ക്കാര്‍ സഭയില്‍ മറുപടി നല്‍കേണ്ടി വരും.
സൗരോര്‍ജ്ജ കരാര്‍ ലഭിക്കുന്നതിന് വേണ്ടി അദാനി ഗ്രൂപ്പ് വിവിധ സംസ്ഥാനങ്ങളിലെ ഉന്നതര്‍ക്ക് 23000 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് അമേരിക്കയിലെ കേസ്. മണിപ്പൂരിലെ ആക്രമണങ്ങളും ബലാത്സംഗവും അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലായ്‌മയും സഭയില്‍ ഉയര്‍ത്തും. വടക്കേന്ത്യയിലെ മലിനീകരണവും സമ്മേളനത്തെ പ്രക്ഷുബ്‌ധമാക്കിയേക്കും.
ശീതകാല സമ്മേളനത്തില്‍ ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് ബില്ലും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ലക്ഷ്യമിട്ടാണ് ഈ ബില്‍ കൊണ്ടുവരുന്നത്. ഇത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ഇന്ത്യയുടെ വികസിത രാഷ്‌ട്രമെന്ന സ്വപ്‌നത്തിലേക്ക് എത്തുന്നതിന് വേഗം കൂട്ടാനും ഇത് സഹായിക്കും. പാര്‍ലമെന്‍റില്‍ വച്ച് എല്ലാവരെയും ഇത് സംബന്ധിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും മോദി പറയുന്നു. ഡിസംബര്‍ 20വരെയാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. ഭരണഘടന ദിനമായ നവംബര്‍ 26ന് ഇരുസഭകളും സമ്മേളിക്കില്ല.
Also Read:ഭരണഘടനാദിനം വിപുലമായി ആചരിക്കാൻ മോദി സര്‍ക്കാര്‍; പുസ്‌തകങ്ങളും സ്‌റ്റാമ്പും പുറത്തിറക്കും