ഹൈദരാബാദ് : അദാനിക്കും അംബാനിക്കുമെതിരെ കോൺഗ്രസിന്‍റെ പെട്ടന്നുള്ള മൗനത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളായി അദാനിയെയും അംബാനിയെയും വിമർശിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ നിശബ്‌ദരായിരിക്കുന്നത് എന്തെന്നും വ്യവസായികളുമായി ഒത്തുതീർപ്പുണ്ടാക്കിയോ എന്നും മോദി ചോദിച്ചു. തെലങ്കാനയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാനിയിൽ നിന്നും അംബാനിയിൽ നിന്നും കള്ളപ്പണം സ്വീകരിച്ചതു കൊണ്ടാണോ രണ്ടുപേർക്കുമെതിരെ വിമർശനമുന്നയിക്കാത്തതെന്നും പ്രധാനമന്ത്രി ചോദിച്ചു. നടന്നു കൊണ്ടിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ രണ്ട് വ്യവസായികളിൽ നിന്നും എത്ര കള്ളപ്പണം കോൺഗ്രസ് സ്വീകരിച്ചെന്നും മോദി ചോദിച്ചു. ഇക്കാര്യം കോൺഗ്രസ് തന്നെ ജനങ്ങളോട് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.