പട്‌ന: മഹാസഖ്യം വിട്ട് എന്‍ഡിഎയുമായി ചേർന്ന നിതീഷ് കുമാറിനെ വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് (RJD leader Tejashwi Yadav). വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ (Lok Sabha polls) ജെഡിയു അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാർ (Nitish Kumar) ക്ഷീണിതനായ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്ക് തേജസ്വി യാദവ് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. നിതീഷ് കുമാറിന് സഖ്യകക്ഷികളുമായി ക്രെഡിറ്റ് പങ്കിടുന്നത് ഇഷ്‌ടമല്ല. തങ്ങളുടെ സർക്കാരിന്‍റെ പല നേട്ടങ്ങളുടെയും ക്രെഡിറ്റ് എനിക്ക് ലഭിക്കുന്നതിൽ നിതീഷ് കുമാറിന് പ്രശ്‌നമുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. അതുകൊണ്ട് ബിജെപിക്ക് ഇതൊരു മുന്നറിയിപ്പാണെന്നും തേജസ്വി യാദവ് പറഞ്ഞു. 'പക്ഷം മാറുന്നതിന് നിതീഷ് എന്ത് ഒഴികഴിവുകൾ പറഞ്ഞാലും, ലോക്‌സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ ജെഡിയു (ഖതം ഹോനെ വാലാ ഹേ) അവസാനിക്കും' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി (AIMIM president Asaduddin Owaisi). നിതീഷ് കുമാറും തേജസ്വി യാദവും പ്രധാനമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.