ന്യൂഡൽഹി: തെഹക്‌വാഡ ആക്രമണക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം. സുരക്ഷാ സേനയെ നക്‌സൽ കേഡർമാർ ആക്രമിച്ചതുമായി ബന്ധപ്പെട്ട 2014 ലെ തെഹക്‌വാഡ ആക്രമണക്കേസിലെ നാല് പ്രതികൾക്ക് ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) കോടതി ജീവപര്യന്തം തടവിന് വിധിച്ചു. ഛത്തീസ്‌ഗഡിലെ ബസ്‌തർ, സുക്‌മ ജില്ലകളിൽ നിന്നുള്ള മഹാദേവ് നാഗ്, കവാസി ജോഗ, ദയാറാം ബാഗേൽ, മണിറാം മദിയ എന്നിവരാണ് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട നക്‌സൽ അംഗങ്ങൾ.
നിരോധിത ഭീകര സംഘടനയുടെ നേതാക്കളുടെ മേൽനോട്ടത്തിലും നിർദേശത്തിലുമാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ തോങ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 100 സായുധ നക്‌സലുകൾ നടത്തിയ ആക്രമണത്തിൽ പതിനൊന്ന് സെൻട്രൽ റിസർവ് പൊലീസ് സേനാംഗങ്ങളും നാല് സംസ്ഥാന പൊലീസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു . 2014 മാർച്ചിൽ സംസ്ഥാന പൊലീസിന്‍റെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും റോഡ് ഓപ്പണിങ് പാർട്ടിയിലാണ് നക്‌സലുകൾ ആക്രമണം നടത്തിയത്.