ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ഓരോ വോട്ടിന്‍റെയും പ്രാധാന്യം ഉയര്‍ത്തിക്കൊണ്ട് ഇന്ത്യ ഇന്ന് ദേശീയ വോട്ടര്‍ ദിനം ആചരിക്കുന്നു. 1950 ജനുവരി 25 ന് സ്ഥാപിതമായ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്. 2011 മുതൽ വർഷം തോറും ജനുവരി 25 ന് ഈ ദിനം ആചരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജാന്ധിപത്യ രാജ്യമായ ഇന്ത്യയിലെ 15ാമത്തെ ദേശീയ വോട്ടര്‍ ദിനമാണ് ഇന്ന്.
വോട്ടർ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളം വോട്ടിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ജനാധിപത്യ പ്രക്രിയയിൽ പൗരന്മാരുടെ സജീവ പങ്കാളിത്തം പ്രചോദിപ്പിക്കുന്നതിനുമാണ് ദേശീയ വോട്ടര്‍ ദിനം ആചരിക്കുന്നത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാപിതമായിട്ട് ഇന്നേക്ക് 75 വര്‍ഷം തികഞ്ഞു.
2025ലെ ദേശീയ വോട്ടര്‍ ദിനത്തിന്‍റെ തീം
"വോട്ടിന് സമാനമായി ഒന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യുന്നു" എന്നതാണ് ഈ പ്രാവശ്യത്തെ തീം. കഴിഞ്ഞ വർഷത്തെ പ്രമേയത്തിന്‍റെ തുടർച്ചയാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും വോട്ടർമാരുടെ അവകാശം വിനിയോഗിക്കുന്നതിൽ അഭിമാനിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രമേയത്തിന്‍റെ അടിസ്ഥാനം.
ദേശീയ വോട്ടര്‍ ദിനത്തിന്‍റെ പ്രാധാന്യം
1950-ലാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) സ്ഥാപിതമായത്. ഈ ദിനത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് 2011 മുതൽ ദേശീയ വോട്ടര്‍ ദിനം ആചരിച്ചുവരുന്നു, പൗരന്മാരെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കാനും, ജനാധിപത്യ പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവ വോട്ടർമാരെ എൻറോൾ ചെയ്യുന്നതിനും അവർക്ക് അവരുടെ വോട്ടർ ഐഡന്‍റിറ്റി കാർഡ് (ഇപിഐസി) നൽകുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു പ്രത്യേക ദിനം ആചരിക്കാൻ 2011ൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് ദേശീയ വോട്ടര്‍ ദിനം ആചരിച്ചു തുടങ്ങിയത്.
ദേശീയ വോട്ടര്‍ ദിനത്തിന്‍റെ ഭാഗമായി പ്രത്യേക പരിപാടികള്‍
ദേശീയ വോട്ടര്‍ ദിനത്തിന്‍റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കാൻ രാജ്യത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാജ്യതലസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രസിഡന്‍റ് ദ്രൗപതി മുര്‍മുവാണ് മുഖ്യാതിഥി. സംസ്ഥാന, ജില്ല, നിയോജകമണ്ഡലം,വാര്‍ഡ് എന്നീ തലങ്ങളിലും ഈ ദിനം പ്രത്യേകമായി ആചരിക്കുകയും ജനാധിപത്യ പ്രക്രിയയില്‍ വോട്ടിന്‍റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.
#ECI wishes over 99 crore electors of India a very Happy 15th National Voters’ Day!#NVD2025 #NothingLikeVoting #IVoteForSure pic.twitter.com/rXOJlTq00V
— Election Commission of India (@ECISVEEP) January 25, 2025
ഇന്ത്യയിലെ വോട്ടര്‍മാര്‍ 99 കോടി പിന്നിട്ടു
രാജ്യത്തെ വോട്ടര്‍മാര്‍ 99 കോടി കടന്നുവെന്ന ഒരു പോസ്‌റ്റും ഈ ദിനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ പങ്കുവച്ചിട്ടുണ്ട്. 100 കോടിയിലധികം വോട്ടര്‍മാര്‍ എന്ന ഒരു പുതിയ ലോക റെക്കോഡ് ഇന്ത്യ ഉടൻ തന്നെ സൃഷ്‌ടിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) രാജീവ് കുമാർ പറഞ്ഞിരുന്നു. രാജ്യത്തെ യുവ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു.