മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്‌ത 'ഡൊമനിക് ആൻഡ് ദി ലേഡിസ് പേഴ്‌സ്' ഇപ്പോൾ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചിത്രത്തെ ഏറ്റെടുത്ത് വിജയപ്പിച്ച പ്രേക്ഷകരോട് നന്ദി രേഖപ്പെടുത്തുന്നതിനായി മമ്മൂട്ടി, ഗൗതം വാസുദേവ് മേനോന്‍ ഉള്‍പ്പെടെ സിനിമയുടെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടിരുന്നു.
'ഡൊമനിക് ആൻഡ് ദി ലേഡിസ് പേഴ്‌സ്' റിലീസിന് മുമ്പ് എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയില്ല എന്നതിനുള്ള കാരണം പറഞ്ഞുകൊണ്ടാണ് ചടങ്ങില്‍ മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് പനിയായതിനാലാണ്, റിലീസിന് മുമ്പ് സിനിമയെ കുറിച്ച് സംസാരിക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ എത്താതിരുന്നതെന്ന് താരം പ്രതികരിച്ചു.
"പ്രേക്ഷകർക്ക് ചിത്രം ഇഷ്‌ടപ്പെട്ടെന്നറിഞ്ഞു. അതുകൊണ്ടാണ് ഇപ്പോഴും പനി ഉണ്ടെങ്കിലും ആ ചൂടോടെ എല്ലാവരെയും ഒന്ന് കണ്ടുകളയാമെന്ന് തീരുമാനിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സിനിമയുടെ സ്വീകാര്യത കണക്കിലെടുത്ത് നിലവില്‍ 200 സ്ക്രീനുകളിൽ പ്രദർശനം തുടരുന്ന ചിത്രം 225 സ്ക്രീനുകളിലേക്ക് വ്യാപിപ്പിച്ചു," മമ്മൂട്ടി പറഞ്ഞു.

ചടങ്ങില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രതികരിച്ചു. മമ്മൂട്ടിക്ക് യോജിക്കുന്ന തരത്തിലുള്ള ലൗ സ്‌റ്റോറി കഥകൾ തന്‍റെ പക്കൽ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി സമ്മതിക്കുകയാണെങ്കിൽ ഉടൻ തന്നെ അതിലൊരു കഥ സിനിമയാകുമെന്നും ഗൗതം വാസുദേവ് മേനോൻ വ്യക്‌തമാക്കി. കഥ പറഞ്ഞതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ വളരെ പെട്ടെന്ന് ചിത്രീകരണം ആരംഭിക്കാനും ചിത്രം നിര്‍മ്മിക്കാനും മമ്മൂട്ടി കമ്പനി തയ്യാറായെന്ന് അറിയിച്ചതായി ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.
മമ്മൂട്ടിയോട് ഡൊമിനിക്കിന്‍റെ കഥ പറഞ്ഞ വിശേഷവും അദ്ദേഹം പങ്കുവച്ചു. "ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്ന സിനിമയുടെ കഥ മമ്മൂട്ടിയോട് ഒരൊറ്റ ദിവസം കൊണ്ട് പറഞ്ഞ് ഇഷ്‌ടപ്പെടുത്തിയതാണ്. രണ്ട് മണിക്കൂർ കൊണ്ട് തിരക്കഥയുടെ ഏകദേശം രൂപം മമ്മൂട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്തി. തിരക്കഥ കേൾക്കുന്നതിനിടയിൽ മമ്മൂട്ടി ഒന്നുരണ്ട് സംശയങ്ങൾ ചോദിച്ചു. ആ സംശയങ്ങൾക്കുള്ള ഉത്തരം നൽകിയപ്പോൾ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു," ഗൗതം വാസുദേവ് മേനോൻ വേദിയിൽ പറഞ്ഞു.
സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്‌ത ഷൈൻ ടോം ചാക്കോയും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ലാലേട്ടന്‍റെ കടുത്ത ആരാധകനാണ് താനെന്നും അദ്ദേഹത്തിന്‍റെ സിനിമകൾ കണ്ടാണ് സിനിമയിലേക്ക് കടന്നുവന്നതെന്നും നടന്‍ പറഞ്ഞു.
"ലാലേട്ടന്‍റെ കടുത്ത ആരാധകനാണെങ്കിലും ഏറ്റവും കൂടുതൽ അഭിനയിക്കാൻ അവസരം ലഭിച്ചത് മമ്മൂട്ടിയോടൊപ്പമാണ്. അഭിനയിച്ച് തുടങ്ങിയപ്പോൾ എനിക്ക് മമ്മൂട്ടിയോടുള്ള ഇഷ്‌ടം കൂടി. അങ്ങനെയൊരു ഇഷ്‌ടത്തിന്‍റെ പുറത്താണ് ചെറിയൊരു വേഷമായിട്ട് പോലും ഡൊമനിക്കിലേക്ക് ക്ഷണിച്ചപ്പോൾ വന്ന് അഭിനയിച്ചത്," ഷൈൻ ടോം ചാക്കോ പറഞ്ഞു.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രങ്ങളിൽ ഷൈൻ ടോം ചാക്കോയ്‌ക്ക് സ്ഥിരമായി വേഷം ലഭിക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന്, "മമ്മൂട്ടി വിളിച്ചാൽ ഞാൻ വരും അഭിനയിക്കും.. അതിനിപ്പോൾ കമ്പനി വേണമെന്ന് നിർബന്ധമില്ല" ഇപ്രകാരമായിരുന്നു ഷൈൻ ടോം ചാക്കോയുടെ മറുപടി.
ഡൊമനിക്കില്‍ മമ്മൂട്ടി ഡാൻസ് കളിക്കുന്നുണ്ട്. അതും വർഷങ്ങൾക്ക് ശേഷം. സംവിധായകൻ ഗൗതം വാസുദേവ് മേനോന്‍ നിർബന്ധിച്ചത് കൊണ്ടാണ് സിനിമയില്‍ ഡാൻസ് ചെയ്‌തതെന്നാണ് മമ്മൂട്ടി പറയുന്നത്. ഇതേകുറിച്ചും മമ്മൂട്ടി പ്രതികരിച്ചു.
"ഞാൻ കലാമണ്ഡലത്തിൽ പഠിച്ചിട്ടില്ല, ഡാൻസ് ചെയ്യാൻ എനിക്ക് അറിയില്ല. പിന്നെ സംവിധായകൻ നിർബന്ധിച്ചപ്പോൾ എന്തോ വരട്ടെ എന്ന് കരുതി ചെയ്‌തതാണ്. ഇപ്പോൾ ഈ കണ്ടതല്ല. ഒരുപാട് സ്‌റ്റെപ്പുകൾ എനിക്ക് വേണ്ടി ഡാൻസ് മാസ്‌റ്റർ കരുതിയിരുന്നു. അദ്ദേഹത്തിന്‍റെ കയ്യും കാലും പിടിച്ചാണ് പലതിൽ നിന്നും ഞാൻ ഒഴിവായത്. നൃത്തം മോശമായി പോയിട്ടുണ്ടെങ്കിൽ അതിന്‍റെ എല്ലാ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നു," മമ്മൂട്ടി തമാശരൂപേണ പറഞ്ഞു.
സിനിമയില്‍ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്‌ത ഗോകുൽ സുരേഷിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗോകുലിന്‍റെ പിതാവ് സുരേഷ് ഗോപി തന്‍റെ സഹപ്രവർത്തകനാണെന്നും അതുകൊണ്ട് തന്നെ ഗോകുൽ സുരേഷിന് അദ്ദേഹത്തിന്‍റെ അച്ഛനോടുള്ള അതേ സ്നേഹവും ബഹുമാനവും തന്നോടും ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

"പലപ്പോഴും അയാൾ എന്നെ സാർ എന്നൊക്കെയാണ് വിളിക്കുക. എന്നെ കാണുമ്പോഴൊക്കെ ബഹുമാനപൂർവ്വം എഴുന്നേറ്റ് നിൽക്കും. ഇങ്ങനെയൊന്നും വേണ്ട.. ഈ സെറ്റിൽ ഞാൻ മമ്മൂട്ടി ചേട്ടനും അല്ല സാറും അല്ല. ഒരു സഹപ്രവർത്തകനായി എന്നെ കണക്കാക്കാൻ ഗോകുൽ സുരേഷിനോട് പറഞ്ഞതായി മമ്മൂട്ടി പറഞ്ഞു. അയാൾ പിന്നെ എന്നെ അങ്ങനെ കണ്ടു. ചിത്രത്തിൽ അയാൾ നന്നായി അഭിനയിച്ചിട്ടുമുണ്ട്," മമ്മൂട്ടി പറഞ്ഞു.
ഇതിനിടെ 'ഒരു വടക്കൻ വീരഗാഥ'യുടെ റീ റിലീസിനെ കുറിച്ചും മമ്മൂട്ടി പ്രതികരിച്ചു. വടക്കൻ വീരഗാഥയുടെ റീ റിലീസിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തോട് മമ്മൂട്ടി പ്രതികരിക്കുകയായിരുന്നു.
"36 വർഷങ്ങൾക്ക് മുമ്പുള്ള സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ കഥയ്‌ക്ക് വല്ല മാറ്റവും സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടറിയൂ.. അന്ന് ജനിച്ചിട്ടില്ലാത്തവർക്കും ആ ചിത്രം തിയേറ്ററിൽ കണ്ടിട്ടില്ലാത്തവർക്കും മികച്ച ഒരു അവസരമാണ് ഒരു വടക്കൻ വീരഗാഥയുടെ റീ റിലീസ്," മമ്മൂട്ടി പറഞ്ഞു.