ന്യൂഡൽഹി : പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്ഐയുടെ ഡയറക്‌ടർ ജനറൽ ഓഫ് അനാലിസിസ് മേജർ ജനറൽ ഷാഹിദ് അമീർ അഫ്‌സറിൻ്റെ ധാക്ക സന്ദർശനത്തിൽ ജാഗ്രത പാലിക്കാൻ ഇന്ത്യൻ സൈനികർക്ക് നിർദേശം. ബംഗ്ലാദേശിൻ്റെ പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കാനാണ് നിർദേശം. സമീപകാലത്തെ ബംഗ്ലാദേശ്, പാകിസ്ഥാൻ ബന്ധം ദേശീയ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിർദേശം.
ദേശീയ സുരക്ഷയെ ബാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും സർക്കാർ ഉചിതമായ നടപടികൾ സ്വീകരിച്ചു വരുന്നെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. നേരത്തെ ബംഗ്ലാദേശ് സൈനിക ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരുടെ ധാക്ക സന്ദർശനം.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം സൗഹൃദപരമായ ബന്ധം നിലനിർത്തുക എന്നതാണ് ബംഗ്ലാദേശിനോടുള്ള ഇന്ത്യയുടെ സമീപനമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ജനാധിപത്യപരവും പുരോഗമനപരവുമായി എല്ലാവരെയും ഉൾക്കൊള്ളുന്ന ബംഗ്ലാദേശിനെ തങ്ങൾ പിന്തുണക്കും. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്ത്, കന്നുകാലി കടത്ത് തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളെ ചെറുക്കാനായാണ് അതിർത്തിയിൽ വേലി കെട്ടിയതെന്നും ജയ്സ്വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ഇന്ത്യ അഭയം നൽകിയിരുന്നു. ഇതിനെ തുർന്നാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ സംഭവിച്ചത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിലും ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.