ന്യൂഡൽഹി : അരവിന്ദ് കെജ്‌രിവാളിനെതിരെ വധഭീഷണിയുണ്ടെന്ന ഡൽഹി മുഖ്യമന്ത്രിയുടെ ആരോപണത്തിൽ പ്രതികരിച്ച് ബിജെപി. അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ബിജെപിയും പൊലീസും ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് എഎപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. പരാജയ ഭീതിയിൽ എഎപി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് ബിജെപി പ്രതികരിച്ചത്.
ഭീതി മറികടക്കാൻ എഎപി നാടകം കളിക്കുകയാണെന്ന് ബിജെപി പരിഹസിച്ചു. Z+ സുരക്ഷ വേണമെന്ന ആവശ്യത്തെയും ബിജെപി എംപി പർവേഷ് വർമ്മ വിമർശിച്ചു. എന്നാൽ ഡൽഹി പൊലീസ് ആരോപണത്തിൽ മൗനം തുടരുകയാണ്.
പഞ്ചാബ് പൊലീസ് നൽകിയ സുരക്ഷ പുനസ്ഥാപിക്കണം. ഒന്നിന് പിന്നാലെ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. കെജ്‌രിവാളിന് പഞ്ചാബ് പൊലീസ് നല്‍കിയ സുരക്ഷ പുനസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതായി അതിഷി വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംപി പർവേഷ് വർമ്മയുടെ വിമർശനം.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കെജ്‌രിവാളിനെതിരെയുണ്ടായ വാഹനാപകടത്തിൽ ഡൽഹി പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവിനെ തുടർന്നാണ് ഡൽഹി പൊലീസ് കണ്ണടച്ചിരിക്കുന്നതെന്നും എഎപി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്‌ടോബറിലും കെജ്‌രിവാളിനെതിരെ ആക്രമണം നടന്നിരുന്നു.
അന്വേഷണത്തിൽ അക്രമികൾ ബിജെപി പ്രവർത്തകരാണെന്ന് കണ്ടെത്തിയെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. കെജ്‌രിവാളിൻ്റെ സുരക്ഷ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയിട്ടുണ്ട്. അമിത് ഷായുടെ നിയന്ത്രണത്തിലായതിനാൽ ഡൽഹി പൊലീസിനെ വിശ്വാസമില്ലെന്നും അഷിതി പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ വൃത്തികെട്ട രാഷ്‌ട്രീയമാണ് സുരക്ഷ നീക്കം ചെയ്‌തതിന് പിന്നിൽ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പല തരത്തിൽ വധശ്രമം നടന്നുവെന്നും ആം ആദ്‌മി നേതാക്കൾ ആരോപിച്ചു.