കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയ താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ രഞ്‌ജി ട്രോഫിയില്‍ ജമ്മു കാശ്‌മീരിനെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ശ്രേയസിന്‍റേത്. മത്സരത്തിൽ രണ്ട് ഇന്നിങ്‌സുകളിലുമായി 11, 17 എന്നിങ്ങനെയാണ് താരം സ്‌കോര്‍ ചെയ്‌തത്.
ഇപ്പോഴിതാ ശ്രേയസിന്‍റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ താരം ബാസിത് അലി. ആദ്യ ഇന്നിങ്‌സില്‍ ശ്രേയസ് പുറത്തായ ഷോട്ട് മുംബൈ ഇന്നിങ്‌സിലെ തന്നെ ഏറ്റവും മോശപ്പെട്ടതെന്നാണ് ബാസിത് പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമ്മുകാശ്‌മീര്‍ പേസര്‍ യുദ്ധ്‌വീര്‍ സിങ്ങിന്‍റെ ഒരു ഫുള്ളര്‍ ഡെലിവറി ഫീൽഡർക്ക് മുകളിലൂടെ അടിക്കാന്‍ ശ്രമിക്കവെ വൈഡ് മിഡ് ഓണിൽ ക്യാച്ചെടുത്താണ് ശ്രേയസ് പുറത്താവുന്നത്. മുംബൈ ആറ് വിക്കറ്റ് നഷ്‌ടപ്പെട്ട് പ്രതിരോധത്തില്‍ നില്‍ക്കവെയാണ് ശ്രേയസ് അനാവശ്യ ഷോട്ടിന് ശ്രമിച്ചതെന്നാണ് ബാസിത് അലി പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ ശ്രേയസിനെ പുറത്താക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഇതാണെന്നും അലി അവകാശപ്പെട്ടു.
"മുംബൈയുടെ ആ ഇന്നിങ്‌സിലെ ഏറ്റവും മോശം ഷോട്ട് ശ്രേയസ് അയ്യറിന്‍റേതായിരുന്നു. ടീമിന് ആറ് വിക്കറ്റുകൾ നഷ്‌ടപ്പെട്ട ഘട്ടമായിരുന്നുവത്. മിഡ്-ഓണില്‍ ശക്തമായ ഫീല്‍ഡിങ് ഒരുക്കിയിരുന്നു. എന്നിട്ടും അവിടേക്ക് തന്നെയാണ് അവന്‍ പന്തടിച്ചത്. ചാമ്പ്യൻസ് ട്രോഫിയിൽ ശ്രേയസ് അയ്യരെ പുറത്താക്കാനുള്ള ഏറ്റവും എളുപ്പ മാർഗം മിഡ്-ഓൺ ബാക്ക് ഉപയോഗിക്കുക എന്നതാണ്. കാരണം അവന്‍ തീർച്ചയായും വമ്പനടിക്ക് ശ്രമിക്കും" അലി തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറുന്നത്. പാകിസ്ഥാനാണ് ആതിഥേയര്‍. പാകിസ്ഥാനിലേക്ക് ടീമിനെ അയക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇക്കാരണത്താല്‍ ഇന്ത്യന്‍ ടീമിന്‍റെ മത്സങ്ങള്‍ക്ക് യുഎഇയാണ് വേദിയാവുന്നത്.
ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, വിരാട് കോലി, റിഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്‌ദീപ് സിങ്, രവീന്ദ്ര ജഡേജ.