ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 73,000 അപേക്ഷകൾ സുവിധ പോർട്ടലിലൂടെ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, റാലികള്‍, പ്രകടനങ്ങള്‍ തുടങ്ങിയ പ്രചാരണ പരിപാടികള്‍ക്കുള്ള അനുമതിക്കായി പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും സുവിധ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക പരിഹാരമാണ് സുവിധ പോർട്ടൽ.
'തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും പെരുമാറ്റച്ചട്ടത്തിനും പിന്നാലെ, വെറും 20 ദിവസത്തിനുള്ളിൽ, 73,379 അനുമതി അഭ്യർത്ഥനകളാണ് സുവിധ പ്ലാറ്റ്‌ഫോമിന് രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും സ്ഥാനാർഥികളിൽ നിന്നുമായി ലഭിച്ചത്. അതിൽ 44,626 അഭ്യർത്ഥനകൾ (60 ശതമാനം) അംഗീകരിച്ചിട്ടുണ്ട്.'- തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ഏകദേശം 11,200 അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. ആകെ ലഭിച്ച അപേക്ഷകളുടെ 15 ശതമാനമാണിത്. അസാധുവോ ഡ്യൂപ്ലിക്കേറ്റോ ആയ 10,819 അപേക്ഷകൾ റദ്ദാക്കിയതായും തെരഞ്ഞെടുപ്പ് ബോഡി അറിയിച്ചു. ബാക്കിയുള്ള അപേക്ഷകൾ പ്രോസസ് ചെയ്‌തു വരികയാണെന്നും തെരഞ്ഞെടുപ്പ് പാനൽ അറിയിച്ചു.