ന്യൂഡല്‍ഹി: രാജ്യത്തെ വാടക ഗര്‍ഭധാരണം സംബന്ധിച്ച ചട്ടത്തില്‍ നിര്‍ണായക ഭേദഗതി വരുത്തി കേന്ദ്രം. വാടക ഗർഭധാരണത്തിന് വിധേയരാകുന്ന ദമ്പതികൾ അവരില്‍ നിന്ന് തന്നെ അണ്ഡവും ബീജവും നല്‍കണമെന്നായിരുന്നു ചട്ടം.എന്നാലിപ്പോള്‍ വിവാഹിതരായ ദമ്പതികളില്‍, പങ്കാളിക്ക് ആരോഗ്യ പ്രശ്‌നമുണ്ടാകുന്ന സാഹചര്യത്തില്‍ ദാതാവിന്‍റെ അണ്ഡമോ ബീജമോ ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിലാണ് വാടക ഗർഭധാരണ നിയമത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭേദഗതി വരുത്തിയത്. വിഷയത്തിൽ കേന്ദ്രം തീരുമാനമെടുക്കാത്തത് എന്തുകൊണ്ടെന്നാണെന്ന് സുപ്രീം കോടതി ചോദിച്ചതിന് പിന്നാലെയാണ് നടപടി.
വാടക ഗർഭധാരണത്തിന്‍റെ ഉദ്ദേശ്യം തന്നെ ഇത്തരം നിയമങ്ങളാൽ പരാജയപ്പെടുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. രണ്ട് ഡസനിലധികം ഹര്‍ജിക്കാർക്ക് വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ ദാതാവിന്‍റെ അണ്ഡം ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്‌തിരുന്നു.