മുംബൈ: ശിവസേന (യുബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ ഹെലികോപ്റ്ററും ബാഗുകളും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചതിനെ അപലപിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി - ശരദ്‌ചന്ദ്ര പവാർ (എൻസിപി-എസ്‌സിപി) നേതാവ് സുപ്രിയ സുലെ. മഹാരാഷ്‌ട്രയില്‍ നടക്കുന്നത് "വൃത്തികെട്ട രാഷ്‌ട്രീയം" ആണെന്ന് സുപ്രിയ പറഞ്ഞു. അധികാരത്തിലുള്ള നേതാക്കളെ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്നും അവര്‍ ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"എന്തുകൊണ്ടാണ് പ്രതിപക്ഷത്തുള്ള നേതാക്കളുടെ ബാഗുകൾ മാത്രം പരിശോധിക്കുന്നത്?. ഉദ്ധവ് താക്കറെയുടെ ബാഗുകൾ രണ്ട് തവണ പരിശോധിച്ചു. എന്നാല്‍ അധികാരത്തിലുള്ള നേതാക്കളെ പരിശോധിക്കുന്നില്ല. ഇത്തരം വൃത്തികെട്ട രാഷ്‌ട്രീയമാണ് മഹാരാഷ്‌ട്രയിൽ നടക്കുന്നത്"- സുപ്രിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എംവിഎ സ്ഥാനാർഥിയെ പിന്തുണച്ചുകൊണ്ടുള്ള റാലിയ്‌ക്കായി ചൊവ്വാഴ്‌ച ലാത്തൂരിൽ എത്തിയപ്പോഴാണ് ഉദ്ധവ് താക്കറെയുടെ ഹെലികോപ്റ്ററും ബാഗുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച താക്കറെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് അജിത് പവാർ എന്നിവരുടെ ബാഗുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥർ പരിശോധിച്ചോ എന്ന് ചോദിച്ചിരുന്നു.
ALSO READ: 'കോടീശ്വരന്മാരായ കൂട്ടുകാര്‍ക്ക് ബിജെപി നല്‍കിയതിനേക്കാള്‍ പണം സ്‌ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ഇന്ത്യ സഖ്യം നല്‍കും': രാഹുല്‍ ഗാന്ധി
എന്നാല്‍ നടപടിക്രമങ്ങൾ (എസ്ഒപി) കർശനമായി പാലിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്‌തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. അതേസമയം നവംബര്‍ 20-നാണ് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.