ന്യൂഡൽഹി:കോൺഗ്രസുമായി ബന്ധപ്പെട്ട നികുതി കേസിൽ ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. 100 കോടി രൂപയിലധികം രൂപ കുടിശ്ശിക തിരികെപിടിക്കാനുളള ആദായനികുതി ഡിമാൻഡ് നോട്ടീസ് സ്റ്റേ ചെയ്യുന്നതിനായി ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ (ഐടിഎടി) സമീപിക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ട ഹൈക്കോടതിയുടെ വിധിയാണ് സുപ്രീം കോടതി ചോദ്യം ചെയ്‌തത്.
ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ട്രൈബ്യൂണൽ ഉത്തരവിനെതിരെ കോൺഗ്രസ് പാർട്ടി അപ്പീൽ നൽകിയപ്പോൾ ഐടിഎടിയിലേക്ക് തന്നെ മടങ്ങാൻ ഹൈക്കോടതി നിർദേശിച്ചതെങ്ങനെ?. ഹൈക്കോടതി അതിന്‍റെ അധികാരപരിധി വിനിയോഗിക്കാത്തത് ശരിയായില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
ഐടി വകുപ്പിന് കോൺഗ്രസ് നൽകിയ ഹർജിയിൽ നോട്ടീസ് അയച്ച സുപ്രീംകോടതി, ഐടിഎടിക്ക് പാർട്ടിയുടെ ഹർജിയുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കി. അതേസമയം കുടിശ്ശികയുള്ള തുകയുടെ വീണ്ടെടുക്കൽ ഇതിനകം നടന്നിട്ടുണ്ടെന്ന് ആദായനികുതി വകുപ്പിനെ പ്രതിനിധീകരിച്ച് എത്തിയ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമൻ കോടതിയെ അറിയിച്ചു. അതിനാല്‍ തന്നെ ഇപ്പോൾ ഉന്നയിക്കപ്പെട്ട പ്രശ്‌നം അക്കാദമിക് താത്‌പര്യം മാത്രമാണെന്നെന്നും അദ്ദേഹം പറഞ്ഞു.