ന്യൂഡല്‍ഹി:നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമാണെന്നതിന് തെളിവ‌് ഇല്ലെന്ന് സുപ്രീം കോടതി. ചോര്‍ന്ന ചോദ്യപേപ്പര്‍ രാജ്യത്താകമാനം വ്യാപിച്ചെന്ന് കാണിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭ്യമായിട്ടില്ലെന്നും നീറ്റ് ഹര്‍ജികളിലെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഹസാരിബാഗിലും പട്‌നയിലും മാത്രമായി ഒതുങ്ങുന്നതാണോ അതോ വ്യാപകമാണോ എന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
പരീക്ഷാബാങ്കുകളിലേക്ക് മാറ്റുന്നതിന് മുന്‍പ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് കരുതേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പരീക്ഷയുടെ തലേദിവസം മെയ് നാലിനാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് ബിഹാര്‍ പൊലീസിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍, അഞ്ചിന് രാവിലെയാണ് ചോര്‍ച്ചയുണ്ടായതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.