പരീക്ഷ കേന്ദ്രങ്ങളുടെയും സംസ്ഥാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഫലം വെള്ളിയാഴ്‌ച വൈകിട്ടോടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥികളുടെ വ്യക്തിപരമായ വിവരങ്ങള്‍ മറച്ചിരിക്കണമെന്നും കോടതി. ഓരോ പരീക്ഷ കേന്ദ്രങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്നും കോടതി.
നീറ്റ്; പരീക്ഷ കേന്ദ്രങ്ങളുടെയും സംസ്ഥാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഫലം വെള്ളിയാഴ്‌ച വൈകിട്ടോടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീം കോടതി - NEET PETITIONS LIVE UPDATES - NEET PETITIONS LIVE UPDATES
Published : Jul 18, 2024, 12:09 PM IST
|Updated : Jul 18, 2024, 5:00 PM IST
ന്യൂഡല്‍ഹി:ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിലെ (നീറ്റ്–യുജി) ക്രമക്കേടുകളുമായി ബന്ധപ്പെട്ട നാല്‍പ്പതോളെ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചുതുടങ്ങി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നടത്തിയ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന ഹര്‍ജികൾ കൂടാതെ പരീക്ഷ വീണ്ടും നടത്തുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്.
വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും അതിനാല്‍ പരീക്ഷ മൊത്തത്തില്‍ റദ്ദാക്കേണ്ടതില്ലെന്നുമാണ് കേന്ദ്രത്തിന്‍റെയും പരീക്ഷാനടത്തിപ്പുകാരായ ദേശീയ പരീക്ഷാ ഏജൻസിയുടെയും നിലപാട്. പരീക്ഷയിൽ വൻതോതിലുള്ള അപാകതകൾ ഉണ്ടെന്ന ആരോപണം നിഷേധിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് നടത്തിയ ഡാറ്റാ അനലിറ്റിക്‌സ് പ്രകാരം വൻതോതിലുള്ള ദുരുപയോഗത്തിന്‍റെ സൂചനകളോ ഉദ്യോഗാർത്ഥികളുടെ പ്രയോജനത്തിനായി അസാധാരണമായ സ്‌കോറുകള്‍ നല്‍കിയ സാഹചര്യമോ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നത്.
ജൂലൈ മൂന്നാം വാരം മുതൽ നാല് റൗണ്ടുകളിലായി കൗൺസിലിങ് നടത്തുമെന്നും ഏതെങ്കിലും ഉദ്യോഗാര്‍ത്ഥി ക്രമക്കേട് കാണിച്ചതായി കണ്ടെത്തിയാൽ ഏത് ഘട്ടത്തിലും യോഗ്യത റദ്ദാക്കപ്പെടുമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
മെയ് അഞ്ചിനായിരുന്നു നീറ്റ് യുജി പരീക്ഷ നടന്നത്. ജൂണ്‍ നാലിന് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ബിഹാറില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗുജറാത്തില്‍ ഉത്തരക്കടലാസ് തിരിമറിയും കണ്ടെത്തി. ഗ്രേസ് മാര്‍ക്ക് വിതരണം ചെയ്‌തതിലും പ്രതിഷേധം ഉയര്‍ന്നു. ഇതോടെ, അഞ്ചിടങ്ങളില്‍ പുനഃപരീക്ഷ നടത്തിയിരുന്നു. 61 പേരായിരുന്നു ഇത്തവണ നീറ്റ് യുജിയില്‍ ഒന്നാം റാങ്കിന് അര്‍ഹരായത്. നീറ്റ് യുജി വിവാദവുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ സിബിഐ പരിഗണനയിലാണ്.
LIVE FEED
നീറ്റ് ഹര്‍ജികളിലെ വാദം തിങ്കളാഴ്‌ച തുടരും, ഓരോ പരീക്ഷ കേന്ദ്രങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്നും കോടതി.
പണത്തിന് വേണ്ടി ചോദ്യ പേപ്പര്‍ ചോര്‍ത്തിയത് നീറ്റിന്‍റെ വിശ്വാസ്യത കെടുത്തില്ല; ചീഫ് ജസ്റ്റിസ്
നീറ്റ് യുജി പരീക്ഷയിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ ശോഭ കെടുത്തുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. പണത്തിന് വേണ്ടിയാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയത്. ഇത് ചിലര്‍ പണമുണ്ടാക്കാന്‍ വേണ്ടി ചെയ്‌തതാണ്. തെളിവുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വലിയ ശൃംഖലയും കണ്ണികളും ബന്ധങ്ങളും ഇതിന് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ടില്‍ വൈരുധ്യം; ക്രമക്കേട് നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്
ഐഐടി മദ്രാസ് മേധാവി പ്രൊഫ. വി കാമകോടി നല്‍കിയ റിപ്പോര്‍ട്ട് വൈരുധ്യങ്ങള്‍ നിറഞ്ഞതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹൂഡ. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ക്ക് വിരുദ്ധമായി, യാതൊരു ക്രമക്കേടുകളും പരീക്ഷയില്‍ നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചോദ്യപേപ്പര്‍ ചോര്‍ന്നോ, ക്രമക്കേട് നടന്നോ എന്നത് സംബന്ധിച്ച് രാജ്യത്തെ പ്രമുഖ സാങ്കേതിക സ്ഥാപനത്തിന് ഒരു ധാരണയിലെത്താനായിട്ടില്ല. യാതൊരു ക്രമക്കേടുകളും നടന്നിട്ടില്ലെന്ന ഐഐടി റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും ഹൂഡ വ്യക്തമാക്കി.
ചോദ്യ പേപ്പറുകള്‍ അച്ചടിശാലയില്‍ നിന്ന് പരീക്ഷ ദിനത്തിലാണോ കൊണ്ടുപോകുന്നതെന്ന് ചീഫ് ജസ്റ്റിസ്
ചോദ്യ പേപ്പറുകള്‍ കൊണ്ടുപോകുന്നതില്‍ മനഃപൂര്‍വം വീഴ്‌ച വരുത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹൂഡ, ചോദ്യ പേപ്പറുകള്‍ ഇ റിക്ഷയിലാണ് കൊണ്ടുപോയതെന്നും അദ്ദേഹം. ചോദ്യ പേപ്പര്‍ കെട്ട് ആറ് ദിവസത്തോളം ഒരു സ്വകാര്യ കമ്പനിയില്‍ കെട്ടിക്കിടന്നെന്നും ഹൂഡ. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഹസാരി ബാഗ് സ്‌കൂളിലെ ഹെഡ്‌മാസ്റ്ററെ അറസ്റ്റ് ചെയ്‌തു. മെയ് മൂന്നിന് തന്നെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. ടെലഗ്രാമിലെ ചാറ്റുകള്‍ കാട്ടുന്നത് ചോദ്യ പേപ്പറുകള്‍ വിറ്റെന്ന് തന്നെയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍.
എന്‍ടിഎയില്‍ അംഗമായിരുന്നില്ല: അഭിഭാഷകന്‍റെ വാദം തള്ളി പ്രൊഫ.കാമകോടി
ഐഐടി മദ്രാസ് മേധാവി പ്രൊഫ. കാമകോടി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ അംഗമായിരുന്നെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹൂഡ. കാമകോടി കേന്ദ്രത്തിനെതിരെ എന്‍ടിഎയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും അംഗമായിരുന്നില്ലെന്ന് കാമകോടി വിശദീകരിച്ചു. മറ്റൊരു പ്രൊഫസറെയാണ് എന്‍ടിഎയിലെ എക്‌സ് ഒഫിഷ്യോ അംഗമായി നാമനിര്‍ദേശം ചെയ്‌തിരുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് വിശ്വാസത്തിലെടുക്കാനാകില്ല
മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് വിശ്വാസത്തിലെടുക്കാനാകില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകനായ നരേന്ദ്ര ഹൂഡ. നീറ്റ് പരീക്ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് മദ്രാസ് ഐഐടി നല്‍കിയിട്ടുള്ളത്. ഉയര്‍ന്ന സ്കോറുകളുകളില്‍ സംശയത്തിന് കാരണമില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ഹൂഡ വാദിച്ചു. മദ്രാസ് ഐഐടി പ്രവേശനത്തിന് യോഗ്യത നേടിയ ഒരു ലക്ഷത്തി എണ്‍പതിനായിരം വിദ്യാര്‍ത്ഥികളെയും പരിശോധിച്ചോ എന്നും അദ്ദേഹം ആരാഞ്ഞു. പരീക്ഷയ്ക്ക് ഹാജരായ 23 ലക്ഷം വിദ്യാര്‍ത്ഥികളെയും ഇവര്‍ പരിശോധിച്ച ശേഷമാണോ റിപ്പോര്‍ട്ട് തയാറാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
രണ്ട് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ റാങ്കുകാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ഹര്‍ജിക്കാര്‍
നീറ്റ് റാങ്കുകളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ഉയര്‍ന്ന റാങ്കുകാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഉയര്‍ന്ന റാങ്കുകാരുടെ എണ്ണം വര്‍ദ്ധിച്ചത് ചോദ്യപേപ്പര്‍ ചോരുന്നത് കൊണ്ടാണോയെന്ന് കോടതി.
നീറ്റ് ഹര്‍ജികളിലെ വാദം: ഉച്ചഭക്ഷണത്തിന് പിരിഞ്ഞ് കോടതി
നീറ്റ് ഹര്‍ജികളിലെ വാദം നിര്‍ത്തി വച്ച് കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഗ്രെയ്‌സ് മാര്‍ക്ക് നല്‍കുന്നതില്‍ എന്‍ടിഎയ്ക്ക് ധാരണ പിശകുണ്ടായെന്ന് കോടതിയുടെ നിരീക്ഷണം.
മദ്രാസ് ഐഐടി ഉപയോഗിക്കുന്ന പൈത്തൺ സോഫ്‌റ്റ്‌വെയറിന് ക്രമക്കേടുകളുടെ എണ്ണം കണ്ടെത്താൻ കഴിയില്ലെന്ന് നരേന്ദർ ഹൂഡ. ഒമ്പത് ടോപ്പർമാർ ജയ്‌പൂരിൽ നിന്നുള്ളവരാണെന്നും ഇവരുടെ കാര്യം മദ്രാസ് ഐഐടി അവരുടെ റിപ്പോർട്ടിൽ ചേർത്തിട്ടില്ലെന്നും ഹൂഡ.
ചില വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നതിനാൽ വീണ്ടും പുനഃ പരീക്ഷയ്ക്ക് ഉത്തരവിടാനാവില്ലെന്ന് ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. “പരീക്ഷയുടെ പവിത്രതയെ ബാധിച്ചാൽ മാത്രമേ ഇത് നടക്കൂ.” എന്നും ഡി വൈ ചന്ദ്രചൂഡ്.
108,000 എന്ന സീറ്റ് പരിധിക്ക് പുറത്തുള്ള 131 വിദ്യാർഥികൾ പുനഃപരീക്ഷ ആവശ്യപ്പെടുന്നുണ്ടെന്നും ഈ പരിധിക്കകത്ത് റാങ്കുള്ള 254 പേർ ഇതിനെ എതിർക്കുകയാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
പരീക്ഷയ്ക്കിടെ ക്രമക്കേടുകൾ വ്യാപക ക്രമക്കേടുകൾ നടന്നുവെന്ന ഐഐടി മദ്രാസിൻ്റെ വാദത്തെ ഹരജിക്കാരൻ എതിർത്തു.
സിബിഐ അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് അന്വേഷണത്തിൻ്റെ പുരോഗതിയെയും സമഗ്രതയെയും ബാധിക്കുമെന്നും കൂടുതല്‍ ജാഗ്രതയോടെ പ്രവർത്തിക്കാൻ വ്യക്‌തികളെ പ്രേരിപ്പിക്കുമെന്നും സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു.
വ്യക്തത തേടി ചീഫ് ജസ്റ്റിസ്
മുതിർന്ന അഭിഭാഷകൻ നരേന്ദർ ഹൂഡ ഹർജിക്കാർക്ക് വേണ്ടി വാദം ആരംഭിച്ചു. വാദം കേൾക്കവേ ആരോപണങ്ങളുടെ ഗൗരവവും സമഗ്രമായ തെളിവുകളുടെ ആവശ്യകതയും അടിവരയിടുന്ന തരത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്താന്‍ കൂടുതല്‍ തെളിവുകൾ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസില്‍ വാദം തുടങ്ങി