ന്യൂഡല്‍ഹി: ജയിലുകളിലെ ജാതി വിവേചനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 17 ഉദ്ധരിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ നടക്കുന്ന ജാതിവിവേചനത്തെ എതിര്‍ത്ത് സുപ്രീം കോടതി രംഗത്തെത്തിയത്. ആര്‍ട്ടിക്കിള്‍ 17 പ്രകാരം എല്ലാവരും ജനിക്കുന്നത് തുല്യരായിട്ടാണെന്നും ജയിലുകളില്‍ ഉള്‍പ്പെടെ ജാതിവിവേചനം കാണിക്കുന്നത് കൊളോണിയലിസ്റ്റുകളുടെ തിരുശേഷിപ്പാണെന്നും വിവിധ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ ജാതിവിവേചനം ഉണ്ടെന്ന ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി പുതിയ നിര്‍ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള, ജസ്‌റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ജാതി വിവേചന വ്യവസ്ഥകൾ എടുത്തുകളയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചത്. ജയിലുകളിലെ രജിസ്‌റ്ററുകളിലുള്ള "ജാതി" കോളവും ജാതിയെക്കുറിച്ചുള്ള ഏതെങ്കിലും പരാമർശങ്ങളും ഒഴിവാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
"ജാതി വിവേചനവും തൊട്ടുകൂടായ്‌മയും അവസാനിപ്പിക്കാൻ ഭരണഘടന അനുശാസിക്കുന്നു"
ജാതി വിവേചനം അടിച്ചമര്‍ത്തലിനും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിനും സമാനമാണ്. ജാതി വിവേചനവും തൊട്ടുകൂടായ്‌മയും അവസാനിപ്പിക്കാൻ ഭരണഘടന തന്നെ അനുശാസിക്കുന്നുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം തടവിലാക്കപ്പെട്ടവർക്കും ബാധകമാണ്, തടവുകാരോട് മാന്യമായ രീതിയില്‍ പെരുമാറണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനയ്ക്ക് മുമ്പുള്ള കാലഘട്ടത്തിലെ സ്വേച്‌ഛാധിപത്യ ഭരണകൂടങ്ങൾ ജയിലുകളില്‍ കഴിയുന്നവരെ അടിമകളായിട്ടാണ് കണ്ടിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിലേറെയായിട്ടും ജാതി വിവേചനം എന്ന തിന്മ രാജ്യത്ത് നിന്നും തുടച്ചുനീക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്ന് ബെഞ്ചിന് വേണ്ടി വിധി പ്രസ്‌താവിച്ച സിജെഐ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ജാതിയുടെ അതിരുകൾ ഉരുക്ക് പോലെ, അത് നാം തിരിച്ചറിയണം"
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള പൗരന്മാരോട് വിവേചനം കാണിക്കുന്നതോ സഹാനുഭൂതിയില്ലാതെ അവരോട് പെരുമാറുന്നതോ ആയ കാര്യങ്ങളെ നമ്മള്‍ എതിര്‍ക്കണം. എല്ലാ ഇടങ്ങളിലുമുള്ള വ്യവസ്ഥാപരമായ വിവേചനം നാം തിരിച്ചറിയേണ്ടതുണ്ട്. എല്ലാത്തിനുമുപരി, 'ജാതിയുടെ അതിരുകൾ ഉരുക്ക് പോലെയാണ് 'ചിലപ്പോൾ അത് അദൃശ്യമായിരിക്കും, പക്ഷേ എല്ലായ്‌പ്പോഴും ജാതിയുടെ അതിരുകള്‍ പ്രകടമാകുന്നു' എന്നാൽ ഭരണഘടനയുടെ അധികാരം ഉപയോഗിച്ച് മാത്രം ജാതി വിവേചനം ഇല്ലാതാക്കാൻ കഴിയില്ലെന്നും സിജിഐ വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 വിഭാവനം ചെയ്യുന്നത് ഒരു വ്യക്തിത്വത്തിന്‍റെ വളർച്ചയെ കുറിച്ചാണ്. "ജാതി മുൻവിധികളും വിവേചനങ്ങളും ഒരാളുടെ വ്യക്തിത്വത്തിന്‍റെ വളർച്ചയെ തടസ്സപ്പെടുത്തുന്നു, അതിനാൽ, പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള വ്യക്തികളുടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമായി ജാതി വിവേചനങ്ങളെ മറികടക്കാനുള്ള അവകാശം ആർട്ടിക്കിൾ 21 വിഭാവനം ചെയ്യുന്നു" എന്നും സിജെഐ പറഞ്ഞു. ഒരാളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്ന ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിന് വിധേയരാകാതെ, തുല്യത, ബഹുമാനം, അന്തസ്സ് എന്നിവ ഉറപ്പാക്കാൻ ശ്രമിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക