ട്രിച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിനിരായ സംഭവത്തില്‍ കടുത്ത പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍. സംഭവത്തില്‍ ഒരു കരാര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കോളജധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ട്രിച്ചിയിലെ തിരുവെരുമ്പൂരിന് സമീപമുള്ള എന്‍ഐടി. രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഗവേഷണമടക്കമുള്ള പാഠ്യപദ്ധതികളുള്ള കാമ്പസാണിത്.
കുട്ടികളില്‍ മിക്കവരും ഹോസ്റ്റലിലും പുറത്തുള്ള വാടക വീടുകളിലും മറ്റുമായാണ് കഴിയുന്നത്. വനിത ഹോസ്റ്റലില്‍ വൈഫൈ പ്രശ്‌നം പരിഹരിക്കാനെത്തിയ അഞ്ച് കരാര്‍ ജീവനക്കാരിലൊരാളാണ് മുറിയില്‍ പഠിച്ച് കൊണ്ടിരുന്ന കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഞെട്ടിപ്പോയ കുട്ടി ഉടന്‍ തന്നെ ഓടിപ്പോയി തന്‍റെ സഹപാഠികളോട് കാര്യം പറഞ്ഞു.
മാതാപിതാക്കളെയും കുട്ടി വിവരമറിയിച്ചു. ഇവര്‍ തിരുവെരുമ്പൂര്‍ വനിത പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. തുടര്‍ന്ന് ഇലക്‌ട്രീഷ്യന്‍ കതിരേശന്‍ എന്നയാളിനെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ട്രിച്ചി ആറാം ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഇപ്പോള്‍ ട്രിച്ചി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പരാതിപ്പെട്ട പെണ്‍കുട്ടിയോട് അവളുടെ വസ്‌ത്രധാരണം മോശമാണെന്ന മട്ടില്‍ പ്രതികരിച്ച ഹോസ്റ്റല്‍വാര്‍ഡനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.
പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ വാര്‍ഡന്‍മാര്‍ മാപ്പ് പറയണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഹോസ്റ്റലിന് പുറത്ത് നിന്നുള്ളവര്‍ ജോലിക്ക് എത്തുമ്പോള്‍ ഇവര്‍ക്കൊപ്പം ഹോസ്റ്റല്‍ ജീവനക്കാരും ഉണ്ടാകുക. ഒറ്റയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു.
പ്രതിഷേധക്കാര്‍ ട്രിച്ചി-തഞ്ചാവൂര്‍ പാത ഉപരോധിക്കുകയും ചെയ്‌തു. പൊലീസ് തടഞ്ഞതോടെ ഇവര്‍ വീണ്ടും പ്രതിഷേധം കാമ്പസ് പരിസരത്തേക്ക് മാറ്റി. ജില്ലാ പൊലീസ് സൂപ്രണ്ട് വരുണ്‍കുമാര്‍ ഐപിഎസ് സ്ഥലത്തെത്തി കുട്ടികളുമായി ചര്‍ച്ച നടത്തി. കോളജ് വാര്‍ഡന്‍ മാപ്പപേക്ഷയുമായി രംഗത്ത് എത്തിയതോടെ പിന്നീട് വിദ്യാര്‍ഥി പ്രക്ഷോഭം പിന്‍വലിച്ചു.
Also Read:കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ ഓസ്‌ട്രേലിയ; മലയാളി വിദ്യാര്‍ഥികളെയും ബാധിക്കും