തിരുവനന്തപുരം: 2025 -നെ വരവേൽക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മാനത്ത് കാഴ്‌ച വിരുന്നൊരുക്കി ഗ്രഹങ്ങളുടെ പരേഡാകും 21-ാം നൂറ്റാണ്ടിന്‍റെ രജത ജുബിലി വർഷത്തെ വരവേൽക്കുകയെന്ന് അറിയിച്ചിരിക്കുകയാണ് തിരുവനന്തപുരം പ്ലാനറ്റോറിയം.
വർഷത്തിൽ ചില ദിവസങ്ങളിൽ മാത്രം നഗ്ന നേത്രങ്ങൾക്ക് ദൃശ്യമാകുന്ന 'പ്ലാനറ്ററി പരേഡ്' എന്ന പ്രതിഭാസം 2025 ജനുവരി 21 ന് മാനത്ത് പ്രത്യക്ഷപ്പെടുമെന്ന് തിരുവനന്തപുരം പ്ലാനറ്റോറിയത്തിലെ ടെക്‌നിക്കൽ ഉദ്യോഗസ്ഥൻ എസ് സുമേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേർരേഖയിൽ 4 ഗ്രഹങ്ങൾ രാത്രിയിൽ മാനത്ത് ഒരുമിച്ചു പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമാണ് പ്ലാനറ്ററി പരേഡെന്ന് അദ്ദേഹം വിശദീകരിച്ചു. ശുക്രൻ, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളാകും കിഴക്ക് നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു നേർരേഖയിലെന്ന പോലെ മാനത്ത് പ്രത്യക്ഷപ്പെടുക.
സൂര്യാസ്‌തമയം മുതൽ രാത്രി 8 മണി വരെയാകും പരേഡ് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാകുക. 8 മണിക്ക് ശുക്രൻ അസ്‌തമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം ഒരേ സമയദൈർഘ്യത്തിലാണ് ശുക്രനും ഭൂമിയും ചൊവ്വയും സൂര്യനെ വലം വയ്ക്കുന്നത്.
ഭ്രമണപഥത്തിലെ വ്യതിയാനങ്ങൾക്ക് അനുസൃതമായി ദിവസേന രണ്ട് ഗ്രഹങ്ങൾ മാനത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ പ്ലാനറ്ററി പരേഡ് സമയത്ത് കിഴക്കൻ ഭാഗത്ത് ചൊവ്വയും തലയ്ക്ക് മുകളിൽ വ്യാഴവും പടിഞ്ഞാറ് ഭാഗത്ത് ശുക്രനും ശനിയും പ്രത്യക്ഷപ്പെടുമെന്നും സുമേഷ് വ്യക്തമാക്കുന്നു.
8 മണിക്ക് ശുക്രനും പിന്നാലെ ശനിയും അസ്‌തമിക്കുന്നതോടെ പ്രതിഭാസം അവസാനിക്കും. സൂര്യാസ്‌തമനത്തിന് മുൻപ് തന്നെ ബുധൻ അസ്‌തമിക്കുന്നതിനാൽ പരേഡിൽ സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ജൂണിലായിരുന്നു അവസാനമായി പ്ലാനറ്ററി പരേഡ് പ്രത്യക്ഷപ്പെട്ടത്. ഭൂമിയുടെ ഒരു ദിവസത്തെ കറക്കത്തിൽ എല്ലാ ഗ്രഹങ്ങളെയും ടെലിസ്കോപ്പിലൂടെ കാണാൻ കഴിയുമെന്നും സൂര്യൻ നിൽക്കുന്ന ഭാഗം വെളിച്ചം കാരണം കാണാൻ കഴിയില്ലെന്നും സുമേഷ് പറഞ്ഞു.