സംഭാൽ: യുപിയിൽ ഷാഹി ജുമാമസ്‌ജിദിൽ സർവേക്കിടെയുണ്ടായ സംഘർഷത്തിൽ വെടിവെപ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. നയീം, ബിലാൽ, നൗമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ ഡെപ്യൂട്ടി കളക്‌ടർ ഉള്‍പ്പെടെ 10 ഓളം പൊലീസുകാർക്ക് പരിക്കേറ്റതായും മൊറാദാബാദ് ഡിവിഷണൽ കമ്മിഷണർ ഔഞ്ജനേയ കുമാർ സിങ് അറിയിച്ചു.
ഞായറാഴ്‌ച രാവിലെ ഷാഹി ജുമാമസ്‌ജിദിൽ സർവേ സംഘം എത്തിയതോടെ പള്ളിക്ക് സമീപം വൻ ജനക്കൂട്ടം തടിച്ചുകൂടി മുദ്രാവാക്യം വിളിക്കാൻ ആരംഭിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധക്കാർ കല്ലെറിയാന്‍ ആരംഭിച്ചതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ വാഹനങ്ങള്‍ കത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
സംഭാൽ നഗരത്തിലെ ഷാഹി ജുമാ മസ്‌ജിദ്, ക്ഷേത്രം തകർത്ത് പണിതതാണെന്ന് അവകാശപ്പെട്ട് മുതിർന്ന അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിന്‍ നൽകിയ ഹർജിയെ തുടർന്നാണ് സര്‍വേ നടത്താന്‍ ജില്ലാ കോടതി അനുമതി നല്‍കുന്നത്. നവംബർ 19 ന് സംഘം ആദ്യ സര്‍വേ നടത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ടാം സര്‍വേയ്ക്കിടയിലുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 2 സ്ത്രീകള്‍ ഉള്‍പ്പെടെ 12 ഓളം പേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന മസ്‌ജിദിലെ നമസ്‌കാരത്തിന് തടസമാകാതിരിക്കാനാണ് സർവേ പ്രവർത്തനങ്ങൾ രാവിലെ ആസൂത്രണം ചെയ്‌തതെന്ന് ജില്ലാ അധികൃതർ പറഞ്ഞു. കല്ലേറിന് തുടർന്ന് സംഘം സർവേ നിർത്തിവച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെസിയ പറഞ്ഞു.
ഇന്‍റർനെറ്റ് സേവനങ്ങൾ 24 മണിക്കൂർ നേരത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും നവംബർ 25 വരെ അവധി പ്രഖ്യാപിച്ചതായി ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ അൽക്ക ശർമ്മ അറിയിച്ചു. സംഭാൽ എംപി സിയാവുർ റഹ്മാൻ ബർഖ് സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി. പോലീസിന്‍റെ ക്രൂരതക്കെതിരെ പാർലമെൻ്റിൽ ശബ്‌ദമുയർത്തുമെന്ന് ബർഖ് എക്‌സിൽ കുറിച്ചു.
Also Read:അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി