റാഞ്ചി: ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജ് ഭവനിലെത്തി ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാങ്‌വാറിനെ കണ്ട് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം മൃഗീയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ഗവര്‍ണറുമായുള്ള കൂടിക്കാഴ്‌ച.
ഇന്ത്യ സഖ്യം തന്നെ ഏകകണ്‌ഠമായി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്നും അദ്ദേഹം ഗവര്‍ണറെ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവച്ച സോറന്‍ നിലവില്‍ ആക്‌ടിങ് മുഖ്യമന്ത്രിയായി തുടരുകയാണ്. നവംബര്‍ 28ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും വരെ തത്സ്ഥാനത്ത് തുടരണമെന്ന് ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ച് കൊണ്ട് അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സഖ്യത്തിലെ എല്ലാ കക്ഷികളുടെയും പ്രതിനിധികള്‍ തനിക്കൊപ്പം ഗവര്‍ണറുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് എത്തിയിരുന്നു. തനിക്ക് പിന്തുണ അറിയിച്ചുള്ള കത്ത് ഗവര്‍ണര്‍ക്ക് അവര്‍ കൈമാറിയെന്നും കൂടിക്കാഴ്‌ചയ്ക്ക് ശേഷം സോറന്‍ മാധ്യമങ്ങളെ അറിയിച്ചു. ഗവര്‍ണര്‍ അദ്ദേഹത്തെ നിയുക്ത മുഖ്യമന്ത്രിയായി നിയോഗിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിക്കുകയും ചെയ്‌തു.
അതേസമയം മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന യാതൊരു സൂചനയും സോറന്‍ നല്‍കിയില്ല. അതെല്ലാം ഉടന്‍ അറിയിക്കാമെന്നായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി.
81 അംഗ നിയമസഭയില്‍ ജെഎംഎം നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യം 56 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയിരിക്കുന്നത്. ജെഎംഎമ്മിന് 34 സീറ്റുകള്‍ ലഭിച്ചു. സഖ്യകക്ഷികളായ കോണ്‍ഗ്രസ് 16ഉം ആര്‍ജെഡി നാലും സിപിഐ എംഎല്‍ രണ്ട് സീറ്റുകളും നേടി.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 24 സീറ്റുകളേ നേടാനായുള്ളൂ. 21 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ സഖ്യകക്ഷികളായ എജെഎസ്‌യു, ലോക്‌ജനശക്തി പാര്‍ട്ടി(രാം വിലാസ് പാസ്വാന്‍), ജെഡിയു എന്നിവര്‍ ഓരോ സീറ്റുകള്‍ വീതം നേടി.
രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ജെഎംഎം സഖ്യം അധികാരത്തില്‍ തിരിച്ചെത്താനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ മാസം പതിമൂന്നിനും ഇരുപതിനുമായി ആയിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഇവിടുത്തെ ജനങ്ങള്‍ തള്ളിയെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.
വിജയം ജനങ്ങളുടെ കയ്യിലാണ്. ഞങ്ങള്‍ക്ക് ജനത്തിന്‍റെ അംഗീകാരം കിട്ടിയിരിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍. ആരോപണങ്ങള്‍ തങ്ങള്‍ കാര്യമാക്കുന്നില്ല. ആരോപണക്കാര്‍ ഉടന്‍ മടങ്ങും. അവരവരുടെ സംസ്ഥാനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാകും അവര്‍ക്ക് ഉചിതം. ജനങ്ങളിലാണ് തങ്ങളുടെ കരുത്തെന്നും ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍ പറഞ്ഞു.
നേരത്തെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ യോഗം ചേര്‍ന്നിരുന്നു. സുവര്‍ണ ജാര്‍ഖണ്ഡിനായി സോറന്‍ സംസ്ഥാനത്തെ ജനങ്ങളുടെ പിന്തുണ തേടി. എല്ലാ ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഇനി നമുക്ക് ഒന്നിച്ച് നടക്കാമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം നടത്തിയ പ്രകടനത്തില്‍ അദ്ദേഹം സംതൃപ്‌തിയും രേഖപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിനെ വലിയ വിജയമാക്കിയ സംസ്ഥാനത്തെ കര്‍ഷകര്‍ക്കും സ്‌ത്രീകള്‍ക്കും യുവാക്കള്‍ക്കും എല്ലാ വിഭാഗം ജനതയ്ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.