ഹൈദരാബാദ്:തിരുപ്പതി തിരുമല ക്ഷേത്രത്തിൽ വൈകുണ്‌ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേർക്ക് ദാരുണാന്ത്യം. സർവദർശന കൂപ്പൺ വിതരണ കൗണ്ടറിലേക്ക് ആളുകൾ തിക്കിത്തിരക്കി കയറിയതോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്നുപേർ സ്‌ത്രീകളാണ്. ഒരു സ്‌ത്രീ തമിഴ്‌നാട്ടിലെ സേലം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ മാസം 10, 11, 12 തീയതികളിലാണ് വൈകുണ്‌ഠ ഏകാദശി. ഇതിനുള്ള സർവദർശന ടോക്കൺ വ്യാഴാഴ്‌ച പുലർച്ചെ അഞ്ച് മണിമുതൽ വിതരണം ചെയ്യുമെന്നാണ് ദേവസ്വം അധികൃതർ അറിയിച്ചിരുന്നത്. സാധാരണയായി തിരുപ്പതി ക്ഷേത്ര പരിസരത്തെ കൗണ്ടറുകളിൽ നിന്നാണ് കൂപ്പണുകൾ വിതരണം ചെയ്യുന്നതെങ്കിലും ഇക്കുറി തിരക്ക് കണക്കിലെടുത്ത് താഴെ തിരുപ്പതിയിലെ വിവിധയിടങ്ങളിൽ സജ്ജമാക്കിയ കൗണ്ടറുകള്‍ വഴി കൂപ്പൺ വിതരണം നടത്താനായിരുന്നു ദേവസ്വത്തിന്‍റെ തീരുമാനം.
ഇങ്ങനെ രണ്ട് കേന്ദ്രങ്ങളിൽ കൂപ്പൺ വാങ്ങാൻ നേരത്തെ എത്തി വരിനിന്നവരാണ് അപകടത്തിൽപ്പെട്ടത്. കൂപ്പൺ വാങ്ങാൻ തമിഴ്‌നാട്ടിൽനിന്നും കർണാടകയിൽനിന്നും അടക്കം നിരവധി ഭക്തർ എത്തിച്ചേർന്നിരുന്നു.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. ടിടിഡി അധികൃതരുമായി സംസാരിച്ച് സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ധം പറഞ്ഞു. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും, സംഭവസ്ഥലത്ത് ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തം നേരിട്ടവർക്ക് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ ഉണ്ടായ തിക്കിലും തിരക്കിലും വേദനിക്കുന്നു. എന്‍റെ ചിന്തകൾ ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്‌ടപ്പെട്ടവരോടൊപ്പമുണ്ട്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് എപി സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകും.' പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്‌തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഷാ എക്‌സിൽ ട്വീറ്റ് ചെയ്‌തു. 'തിരുപ്പതി ക്ഷേത്രത്തിലെ തിക്കും തിരക്കും മൂലമുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്‍റെ ആത്മാർത്ഥമായ അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. തിരുപ്പതി വിഷ്‌ണു നിവാസം ടിക്കറ്റ് കൗണ്ടറിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട സംഭവത്തിൽ ഞാൻ വളരെയധികം ഞെട്ടിപ്പോയി. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്‌ടപ്പെട്ട ഭക്തരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ഞാൻ ആശംസിക്കുന്നു,' അമിത് ഷാ എക്‌സിൽ കുറിച്ചു.
Also Read:ദുരന്തം വിതച്ച തിക്കും തിരക്കും; ഇന്ത്യയിലെ പ്രധാന സംഭവങ്ങളിലൂടെ