ന്യൂഡൽഹി:സ്‌പീക്കര്‍ ഓം ബിര്‍ള അടിയന്തരാവസ്ഥയെ അപലപിച്ച് നടത്തിയ പ്രസ്‌താവനയെത്തുടര്‍ന്ന് ലോക്‌സഭയില്‍ ആദ്യ ദിനം തന്നെ പ്രതിപക്ഷ ബഹളം. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളെ ജയിൽ ഭക്ഷണം കഴിപ്പിച്ച പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധി എന്ന സ്‌പീക്കറുടെ പരാമർശം പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി. 1975 ജൂണ്‍ 25 ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് സ്‌പീക്കര്‍ പറഞ്ഞു.
ബി ആര്‍ അംബേദ്‌കര്‍ തയാറാക്കിയ ഇന്ത്യന്‍ ഭരണഘടനയെ തള്ളിയാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന അടിയന്തരാവസ്ഥ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചത്. പൗര സ്വാതന്ത്ര്യം കവര്‍ന്നും ആളുകളെ ജയിലിലടച്ചും അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയായിരുന്നു. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തില്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.