ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. 2021ല്‍ നടക്കേണ്ടിയിരുന്ന ജനസംഖ്യ കണക്കെടുപ്പ് ഇനിയും നടത്തിയിട്ടില്ല. ഇത് നടത്തണമെന്ന് സര്‍ക്കാരിന് യാതൊരു ആഗ്രഹവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് സോണിയയുടെ വാക്കുകള്‍.
രാജ്യത്തെ ജനങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്തുക എന്നത് മാത്രമല്ല ഇതിലൂടെ തടയപ്പെട്ടിരിക്കുന്നത്. മറിച്ച് ദേശീയ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം പട്ടിക ജാതി , വര്‍ഗ വിഭാഗങ്ങളിലേത് അടക്കം പന്ത്രണ്ട് കോടി പൗരരുടെ ആനുകൂല്യങ്ങള്‍ കൂടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമം ഇപ്പോള്‍ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയാണെന്നും അവര്‍ പറഞ്ഞു.
വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സോണിയ വ്യക്തമാക്കി. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാ സഹായവും എത്തിക്കുമെന്നും സോണിയ അറിയിച്ചു. രാജ്യത്തെ മറ്റിടങ്ങളിലും വലിയ തോതില്‍ വെള്ളപ്പൊക്കമുണ്ട്. അവിടെയും ദുരിത ബാധിതരുട ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രകൃതി ദുരന്തങ്ങള്‍ക്ക് പുറമെ ട്രെയിന്‍ അപകടങ്ങളിലൂടെയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുന്നുണ്ട്. അവരുടെ കുടുബത്തിന്‍റെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ഇത്തരം അപകടങ്ങള്‍ കെടുകാര്യസ്ഥത കൊണ്ട് സംഭവിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്‍റെ സര്‍ക്കാരിന്‍റെയും സാമ്പത്തിക-സാമൂഹ്യ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ബജറ്റിനെ അവര്‍ വിമര്‍ശിച്ചു. കര്‍ഷകരെയും യുവാക്കളെയും ചൂണ്ടിക്കാട്ടി ആയിരുന്നു അവരുടെ വിമര്‍ശനങ്ങള്‍. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങള്‍ തൊഴിലില്ലായ്‌മയും വിലക്കയറ്റവും മൂലം പൊറുതി മുട്ടിയിരിക്കുകയാണെന്നും സോണിയ ആരോപിച്ചു.