കരിംനഗർ ( തെലങ്കാന ): നഗരജീവിതത്തിന്‍റെ തിരക്കേറിയ ഇടനാഴികളിൽ, സോഫ്‌റ്റ് വെയർ ജോലിചെയ്യുന്ന ഒരു യുവാവ്, മാമ്പഴ കൃഷിയിലൂടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ ചോപ്പദണ്ടി എന്ന മനോഹരമായ ഗ്രാമത്തിൽ നിന്നാണ് മറ്റുള്ളവർക്ക് പ്രചോദനത്തിന്‍റെ വഴിതെളിയിച്ച സിരിപുരം ചൈതന്യ എന്ന യുവാവ് വരുന്നത്.
മാതാപിതാക്കളുടെ അകാല വിയോഗത്തെത്തുടർന്ന് മുത്തച്ഛൻ വെങ്കട നരസയ്യ വളർത്തിയ ചൈതന്യയുടെ ജീവിതം കഠിനാധ്വാനത്തിന്‍റെയും സഹിഷ്‌ണുതയുടെയും അടയാളപ്പെടുത്തലായിരുന്നു. ബാംഗ്ലൂരിൽ ഒരു സോഫ്‌റ്റ്‌വെയർ കമ്പനിയിൽ നല്ല ജോലി ഉണ്ടായിട്ടും, അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ തന്‍റെ ഗ്രാമവും കൃഷിയുമൊക്കെയായിരുന്നു. അങ്ങനെ നാട്ടിൽ തിരിച്ചെത്തി മാമ്പഴ കൃഷിയുടെ സങ്കീർണതകൾ പഠിക്കാനുള്ള അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി.
അവിടെ നിന്നുമാണ് ടെക്കിയായ ചൈതന്യ കാർഷികവൃത്തിയിലേക്ക് തിരിഞ്ഞത്. തുടക്കത്തിൽ വന്ന തിരിച്ചടികളിൽ തളരാതെ, 15 ഏക്കർ സ്ഥലത്ത് കേസരി ഇനം മാമ്പഴം കൃഷി ചെയ്യാൻ ചൈതന്യ തുനിഞ്ഞു. ഈ തീരുമാനം വിജയമായി മാറുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ജൈവകൃഷി രീതികൾ സ്വീകരിച്ച അദ്ദേഹം തന്‍റെ തോട്ടത്തെ ശ്രദ്ധയോടെയും അർപ്പണബോധത്തോടെയും പരിപോഷിപ്പിക്കുകയും അതിനെ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സംരംഭമാക്കി മാറ്റുകയും ചെയ്‌തു.