മുംബൈ: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ശിവസേന(യുബിടി) എംപി സഞ്ജയ് റാവത്ത് രംഗത്ത്. പതിനേഴ് മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. ചതിയിലൂടെ ഒരാളെ എങ്ങനെ അഴിക്കുള്ളിലാക്കാം എന്നതിന്‍റെയും അവകാശങ്ങള്‍ ലംഘിക്കാമെന്നതിന്‍റെയും ഉദാഹരണമാണിത്.
പതിനേഴ് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയിരിക്കുന്നത്. തനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുള്ളതാണ്. രാജ്യത്തെ സര്‍ക്കാരിന് വ്യവസ്ഥാപിത നിയമവാഴ്‌ചയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഞ്ജയ് സിങ്, അനില്‍ ദേശ്‌മുഖ് തുടങ്ങിയ ധാരാളം ആളുകള്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കലില്‍ മുഖ്യ പ്രതി ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒരു ഏകാധിപത്യ സര്‍ക്കാരും നീതിന്യായ വ്യവസ്ഥയ്ക്ക് മുകളില്ലല്ലെന്ന് പ്രതികരിച്ച് നേരത്തെ ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്‌റോയിയും രംഗത്ത് എത്തിയിരുന്നു. ആദ്യം പരമോന്നത കോടതിക്ക് നന്ദി പറഞ്ഞ ഷെല്ലി പിന്നീട് സുപ്രീം കോടതിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തു. ഒരു ഏകാധിപത്യ സര്‍ക്കാരും നീതിന്യായ വ്യവസ്ഥയ്ക്ക് അതീതരല്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.