കോഴിക്കോട്: ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നും അർജുന്‍റെ ലോറി കണ്ടെത്തി. നേവി അടയാളപ്പെടുത്തിയ സിപി2 പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ക്യാബിനുള്ളില്‍ ഒരു മൃതദേഹവും കണ്ടെത്തി. മൃതദേഹം ഡ്രഡ്‌ജറിലേക്ക് മാറ്റി. പ്രദേശത്ത് കനത്ത ദുർഗന്ധമാണ്. ലോറി തന്‍റേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.
12 മീറ്റർ ആഴത്തിൽ നിന്നാണ് ലോറി പുറത്തെടുത്തതെന്ന് കാർവാർ എസ്‌പി എം നാരായണ ഇടിവി ഭാരതിനോട് പറഞ്ഞു. മൃതദേഹം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. ബന്ധുക്കളെ ഉടൻ ബോട്ട് മാർഗം ഡ്രഡ്‌ജറിലേക്ക് എത്തിക്കും. അവർ തരുന്ന സൂചനകൾ മൃതദേഹം അർജുന്‍റേതാണോ എന്നതിൽ വ്യക്തത വരുത്താൻ സഹായകരമാകുമെന്നും എസ്‌പി പറഞ്ഞു.
രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്ത് ഇവ പുറത്തെത്തിക്കുകയായിരുന്നു. അർജുന്‍റെ ലോറിയായ ഭാരത് ബെൻസിന്‍റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്‌ജിങ്ങിൽ കണ്ടെത്തി. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു. നേരത്തെ തെരച്ചിലിൽ അർജുന്‍റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയർ കണ്ടെത്തിയിരുന്നു.
ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് 72 -ാം ദിവസം ലോറി കണ്ടെത്തിയത്. ജൂലൈ 16-ാം തീയതി രാവിലെ 8.30 നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുന്നത്. മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങിയിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മുക്കം സ്വദേശിയായ അർജുന്‍റെ ലോറിയും അപകടത്തിൽപ്പെടുന്നത്. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്.